തുടക്കത്തില്‍ 35-4 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണും(35 പന്തില്‍ 42), ജലജ് സക്സേനയും(44) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 കടത്തിയത്.

രാജ്കോട്ട് : തോല്‍വി ഉറപ്പിച്ചിടത്തു നിന്ന് പോരാട്ടം ഏറ്റെടുത്ത വിഷ്ണു വിനോദും(Vishnu Vinod) സിജോമോന്‍ ജോസഫും(Sijomon Joseph)ചേര്‍ന്ന് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണെന്‍റില്‍ (Vijay Hazare Trophy 2021-22) മഹാരാഷ്ട്രക്കെതിരെ കേരളത്തിന് (Kerala vs Maharashtra) സമ്മാനിച്ചത് അവിശ്വസനീയ ജയം. 292 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ കേരളം 26ാം ഓവറില്‍ 120-6 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും ഏഴാം വിക്കറ്റില്‍ വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി കേരളത്തെ അവിശ്വസനീയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വിഷ്ണു വിനോദിന്‍റെ അപരാജിത സെഞ്ചുറിയുടെയും സിജോമോന്‍ ജോസഫിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 48.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി. സ്കോര്‍ മഹാരാഷ്ട്ര 50 ഓവറില്‍ 291-8, കേരളം 49.5 ഓവറില്‍ 294-6.

വിഷ്ണു വിനോദ് 82 പന്തില്‍ 100 റണ്‍സെടുത്തപ്പോള്‍ സിജോമോന്‍ ജോസഫ് 70 പന്തില്‍ 71 റണ്‍സെടുത്തു. തുടക്കത്തില്‍ 35-4 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണും(35 പന്തില്‍ 42), ജലജ് സക്സേനയും(44) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് 100 കടത്തിയത്. ഇരുവരും അടുത്തടുത്ത് പുറത്തായതോടെ തോല്‍വി ഉറപ്പിച്ച കേരളത്തെയാണ് വിഷ്ണുവും സിജോമോനും ചേര്‍ന്ന് തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചത്. മൂന്ന് കളികളില്‍ കേരളത്തിന്‍റെ രണ്ടാം ജയമാണിത്.

82 പന്തിലാണ് ഏഴാമനായി ക്രീസിലെത്തിയ വിഷ്ണു വിനോദ് സെഞ്ചുറി തികച്ചത്. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ വിഷ്ണു വിനോദും സിജോമോന്‍ ജോസഫും ചേര്‍ന്ന് 24 ഓവറില്‍ 174 റണ്‍സാണ് അടിച്ചുകൂട്ടിയത്. നേരത്തെ റുതുരാജ് ഗെയ്ക്‌വാദിന്‍റെ(Ruturaj Gaikwad)തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 291 റണ്‍സടിച്ച മഹാരാഷ്ട്രക്കെതിരെ തുടക്കത്തിലെ കേരളത്തിന് പിഴച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ രാഹുല്‍ ത്രിപാഠിയുടെ ത്രോയില്‍ മുഹമ്മദ് അസ്‌ഹറുദ്ദീന്‍(2) റണ്ണൗട്ടായതില്‍ തുടങ്ങി നിര്‍ഭാഗ്യം.

പിന്നാലെ അഞ്ച് റണ്‍സുമായി രോഹന്‍ കുന്നുമ്മലും മടങ്ങി. സച്ചിന്‍ ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല. വത്‌സലിന്‍റെ പോരാട്ടം 18ല്‍ റണ്‍സില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം ജലജ് സക്‌സേന രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. ഇതിനുശേഷമായിരുന്നു വിഷ്ണു വിനോദും സിജോമോന്‍ ജോസഫും അപ്രതീക്ഷിച ചെറുത്തുനില്‍പ്പുമായി കേരളത്തെ വിജയവര കടത്തിയത്.

സഞ്ജുവിന്‍റെ തീരുമാനം ശരി, പിന്നെ സംഭവിച്ചത്

നേരത്തെ ടോസ് നേടി മഹാരാഷ്‌ട്രയെ ബാറ്റിംഗിനയച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. എന്നാല്‍ പിന്നീട് റുതുരാജ് ഗെയ്‌ക്‌വാദ്-രാഹുല്‍ ത്രിപാഠി സഖ്യം മൂന്നാം വിക്കറ്റില്‍ മത്സരത്തിന്‍റെ ഗിയര്‍ ഏറ്റെടുത്തു. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ മഹാരാഷ്‌ട്രയ്‌ക്ക് 22 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്‌ടമായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബേസില്‍ തമ്പി ഓപ്പണര്‍ യാഷ് നാഹറിനെ(2) വിഷ്‌ണു വിനോദിന്‍റെ കൈകളിലെത്തിച്ചു. ആറാം ഓവറില്‍ നിധീഷ് എം ഡി, അങ്കിത് ബവ്‌നെയെ(9) സഞ്ജുവിന്‍റെ കൈകളിലാക്കി.

ഗെയ്‌ക്‌വാദ്-ത്രിപാഠി ഷോ

എന്നാല്‍ മൂന്നാം വിക്കറ്റില്‍ 195 റണ്‍സിന്‍റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ഗെയ്‌ക്‌വാദ്-ത്രിപാഠി സഖ്യം വിസ്‌മയ തിരിച്ചുവരവിലേക്ക് മഹാരാഷ്‌ട്രയെ പട നയിച്ചു. ത്രിപാഠി 108 പന്തില്‍ 99 റണ്‍സെടുത്ത് നിധീഷിന് കീഴടങ്ങിയെങ്കിലും ടൂര്‍ണമെന്‍റിലെ ഹാട്രിക് സെഞ്ചുറിയുമായി ഗെയ്‌ക്‌വാദ് ഒരിക്കല്‍ക്കൂടി സ്വപ്‌ന ഫോമിന് അടിവരയിട്ടു. ത്രിപാഠി പുറത്താകുമ്പോള്‍ 39.4 ഓവറില്‍ 217 റണ്‍സിലെത്തി മഹാരാഷ്‌ട്ര സ്‌കോര്‍. അഞ്ചാമനായി ക്രീസിലെത്തിയ നൗഷാദ് ഷെയ്‌ഖും(5) നിധീഷിന് വിക്കറ്റ് സമ്മാനിച്ചു.

നിധീഷ് എം ഡിക്ക് അഞ്ച് വിക്കറ്റ്

എന്നാല്‍ പാറപോലെ ഉറച്ച ഗെയ്‌ക്‌വാദ് ആത്മവിശ്വാസത്തോടെ ടീമിനെ മികച്ച സ്‌കോറിലേക്ക് ആനയിച്ചു. വിശ്വേശര്‍ സുരേഷിന്‍റെ 46-ാം ഓവറിലെ ആദ്യ പന്തില്‍ ഗെയ്‌ക്‌വാദ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 249.129 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സറും സഹിതം ഗെയ്‌ക്‌വാദ് 124 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കൂറ്റനടികളില്‍ നിന്ന് മഹാരാഷ്‌ട്രയെ കേരളത്തിന് തടുക്കാനായി. സ്വപ്‌നിലിനെയും(14), സോപിനേയും(5) മടക്കി നിധീഷ് അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ കാസിയെ(20) ബേസില്‍ പുറത്താക്കി. പല്‍ക്കറും(4*), ചൗധരിയും(1*) പുറത്താകാതെ നിന്നു.