Asianet News MalayalamAsianet News Malayalam

വിജയ് ഹസാരെ ട്രോഫി: ഉത്തപ്പയും സച്ചിനും തിളങ്ങി, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്; കേരളത്തിന് രണ്ടാം ജയം

ഓപ്പണര്‍ വിഷ്ണു വിനോദിനെ(7) ഭുവനേശ്വര്‍കുമാര്‍ തുടക്കത്തിലെ മടക്കിയെങ്കിലും സഞ്ജു സാംസണും(29) ഉത്തപ്പയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ കരകയറ്റി

Vijay Hazare Trophy Kerala beat Uttar Pradesh by 3 wickets
Author
Bangalore, First Published Feb 22, 2021, 5:10 PM IST

ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഉത്തര്‍പ്രദേശിനെതിരെ മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ ജയം. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും(55 പന്തില്‍ 81) ക്യാപറ്റന്‍ സച്ചിന്‍ ബേബിയുടെയും(83 പന്തില്‍ 76) ഇന്നിംഗ്സുകളുടെ കരുത്തിലാണ് ജയിച്ചുകയറിയത്. സ്കോര്‍ ഉത്തര്‍പ്രദേശ് 49.4 ഓവറില്‍ 283ന് ഓള്‍ ഔട്ട്, കേരളം 48.5 ഓവറില്‍ 284/7.

ഓപ്പണര്‍ വിഷ്ണു വിനോദിനെ(7) ഭുവനേശ്വര്‍കുമാര്‍ തുടക്കത്തിലെ മടക്കിയെങ്കിലും സഞ്ജു സാംസണും(29) ഉത്തപ്പയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ കരകയറ്റി. ഉത്തപ്പയെ ശിവം ശര്‍മ മടക്കിയതിന് പിന്നാലെ 29 റണ്‍സെടുത്ത സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ കേരളം തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും വത്സല്‍ ഗോവിന്ദ്(30) ജലജ് സക്സേന(31) എന്നിവരെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ ജയത്തിന് തൊട്ടടുത്തെത്തിച്ചു. വിജയത്തിനരികെ സച്ചിനെ(76) മോനിഷ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയെങ്കിലും എംഡി നീഥീഷും(13 നോട്ടൗട്ട്), രോജിത്തും(6 നോട്ടൗട്ട്) ചേര്‍ന്ന് കേരളത്തെ വിജയവര കടത്തി.

വിമര്‍ശകരുടെ വായടപ്പിച്ച് ശ്രീശാന്ത്

ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ സെഞ്ചുറി നേടിയ ഉത്തപ്പ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ കേരളത്തെ നയിച്ചത്. 55 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതാണ് ഉത്തപ്പയുടെ ഇന്നിംഗ്സ്. ആദ്യ മത്സരത്തില്‍ പെട്ടന്ന് പുറത്തായ സഞ്ജു വളരെയേറെ ശ്രയോടെ കളിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായി. 32 പന്തുകള്‍ നേരിട്ട സഞ്ജു നാല് ഫോറിന്‍റെ അകമ്പടിയോടെയാണ് 29 റണ്‍സെടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശിനെതിരെ ഐപിഎല്‍ ലേലപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശ്രീശാന്തിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ബംഗലൂരുവില്‍ കണ്ടത്. 9.4 ഓവറില്‍ 65 റണ്‍സ് വഴങ്ങി ശ്രീശാന്ത് അഞ്ചു വിക്കറ്റെടുത്തു. അഭിഷേക് ഗോസ്വാമി (57), അക്ഷ് ദീപ് നാഥ് (68), ഭുവനേശ്വര്‍ കുമാര്‍ (1), മൊഹസിന്‍ ഖാന്‍ (6), ശിവം ശര്‍മ (7) എന്നിവരായിരുന്നു ശ്രീശാന്തിന്റെ ഇരകള്‍. ആദ്യ മത്സരത്തില്‍ ഒഡീഷക്കെതിരെ താരം രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. സച്ചിന്‍ ബേബി രണ്ടും എം ഡി നിതീഷ് ഒരു വിക്കറ്റും നേടി.

അക്ഷ് ദീപ് നാഥാണ് (60 പന്തില്‍ 68) യുപിയുടെ ടോപ് സ്‌കോറര്‍. പ്രിയം ഗാര്‍ഗ് (57), അഭിഷേക് ഗോസ്വാമി (54) എന്നിവരും മികച്ച സംഭാവന നല്‍കി.  ഒമ്പത് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അക്ഷ് ദീപിന്‍റെ ഇന്നിംഗ്സ്. മികച്ച തുടക്കമാണ് ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ഉത്തര്‍ പ്രദേശിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക് ഗോസ്വാമി- കരണ്‍ ശര്‍മ സഖ്യം 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ഇരുവരും അടുത്തടുത്ത പന്തുകളില്‍ മടങ്ങിയെങ്കിലും റിങ്കു സിംഗിനെ (26) കൂട്ടുപിടിച്ച് ഗാര്‍ഗ് കേരളത്തിന് തലവേദന സൃഷ്ടിച്ചു. റിങ്കു മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ അക്ഷ് ദീപ്, ഗാര്‍ഗിനൊപ്പം 79 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. ഗാര്‍ഗ് മടങ്ങിയതോടെ പിന്നീടാര്‍ക്കും വലിയ ഇന്നിംഗ്സ് കളിക്കാന്‍ കഴിഞ്ഞതുമില്ല. ആദ്യ മത്സരത്തില്‍ കേരളം ഒഡീഷയെ തോല്‍പ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios