കഴിഞ്ഞ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങുന്നത്.
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ പുതുച്ചേരിക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പുതുച്ചേരി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 16 റണ്‍സോടെ അജയ് രോഹേറയും 9 റണ്‍സുമായി ജസ്വന്ത് ശ്രീറാമും ക്രീസില്‍. 25 റണ്‍സെടുത്ത നെയാന്‍ ശ്യാം കങ്കയന്‍ ആണ് പുറത്തായത്. എം ഡി നിധീഷിന്‍റെ പന്തില്‍ നെയാന്‍ ശ്യാമിനെ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയ ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇന്ന് പുതുച്ചേരിക്കെതിരെ ഇറങ്ങുന്നത്. വിഘ്നേഷ് പുത്തൂരിന് പകരം ബിജു നാരായണന്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
ജാര്‍ഖണ്ഡിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ താരം സഞ്ജു സാംസണ്‍ ഇന്നും ഓപ്പണറായി കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. സഞ്ജുവിന്‍റെയും ക്യാപ്റ്റൻ രോഹന്‍ കുന്നുമ്മല്ലിന്‍റെയും സെഞ്ചുറികളുടെ കരുത്തിലാണ് കഴിഞ്ഞ മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ കേരളം എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയത്.
എലൈറ്റ് ഗ്രൂപ്പ് എയില്‍ അഞ്ച് കളികളില്‍ മൂന്ന് ജയവുമായി 12 പോയന്‍റുള്ള കേരളം നിലവില്‍ നാലാം സ്ഥാനത്താണ്. ജാര്‍ഖണ്ഡിനും 12 പോയന്‍റാണെങ്കിലും നെറ്റ് റണ്‍റേറ്റിന്‍റെ നേരിയ മുന്‍തൂക്കത്തിലാണ് ജാര്‍ഖണ്ഡ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. അഞ്ച് കളികളില്‍ നാലു ജയവുമായി 16 പോയന്‍റുള്ള മധ്യപ്രദേശ് രണ്ടാം സ്ഥാനത്തും അഞ്ച് മത്സരങ്ങളും ജയിച്ച് 20 പോയന്‍റുമായി കര്‍ണാടക ഒന്നാമതുമാണ്. പുതുച്ചേരിക്കെതിരെ വമ്പന്‍ ജയം നേടിയാല്‍ കേരളത്തിന് റണ്‍റേറ്റില്‍ ജാര്‍ഖണ്ഡിനെ മറികടക്കാം.
അഞ്ച് കളികളില്‍ ഒരു ജയം മാത്രമുള്ള പുതുച്ചേരി പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ത്രിപുര, തമിഴ്നാട്, രാജസ്ഥാന്‍ ടീമുകളാണ് പുതുച്ചേരിക്ക് പുറമെ കേരളത്തിന് പിന്നിലായുള്ളത്.


