ദില്ലി: ലോകകപ്പില്‍ ഇന്ത്യന്‍ ടീം നാലാം നമ്പറില്‍ ആരെയിറക്കണം എന്ന ചര്‍ച്ച അവസാനിക്കുന്നില്ല. മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറാണ് ഇക്കാര്യത്തില്‍ ഒടുവില്‍ അഭിപ്രായം വ്യക്തമാക്കിയത്. അമ്പാട്ടി റായുഡു എം എസ് ധോണി അടക്കം പല താരങ്ങളുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുമ്പോള്‍ മറ്റൊരു താരത്തെയാണ് നാലാം നമ്പര്‍ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ താരം അവതരിപ്പിക്കുന്നത്. 

സ്‌ട്രൈക്ക് കൈമാറാന്‍ കഴിയുന്നതും സിക്‌സുകള്‍ പറത്താനുള്ള കഴിവുമാണ് ശങ്കറിനെ മഞ്ജരേക്കര്‍ നിര്‍ദേശിക്കാന്‍ കാരണം. എന്തുകൊണ്ട് അമ്പാട്ടി റായുഡുവിനെ തഴയുന്നു എന്നതിനും മഞ്ജരേക്കറിന് മറുപടിയുണ്ട്. വെല്ലിങ്ടണില്‍ നേടിയ 90 റണ്‍സോടെ റായുഡു നാലാം നമ്പറില്‍ സ്ഥാനമുറപ്പിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഇന്നിംഗ്‌സുകളില്‍ ചെറിയ സ്‌കോര്‍ മാത്രം കണ്ടെത്താനായതും ശങ്കറിന്‍റെ ഉദയവും ടീമില്‍ റായുഡുവിന്‍റെ സ്ഥാനം ചോദ്യചിഹ്‌നമാക്കിയെന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി.

വിരാട് കോലിയെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിനോട് റായുഡുവിന് താല്‍പര്യമില്ല. എന്നാല്‍ 'മധ്യനിരയിലെ പ്രശ്ന‌‌ങ്ങള്‍ ഇന്ത്യ പരിഹരിക്കണം. എം എസ് ധോണിയെ ബാറ്റിംഗിനയക്കേണ്ടത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. ഇന്ത്യ കപ്പുയര്‍ത്തിയ 2011 ലോകകപ്പിനേക്കാള്‍ മികച്ച ബൗളിംഗ് ലൈനപ്പ് ഇപ്പോഴുണ്ട്. ലോകകപ്പിലെ മികച്ച ടീമാണ് ഇന്ത്യ'  എന്നും മഞ്ജരേക്കര്‍ പറഞ്ഞു. 

മഞ്ജരേക്കറുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി, വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, എം എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍.