ദില്ലി: ഋഷഭ് പന്തിനൊരിക്കലും എം എസ് ധോണിയുടെ പകരക്കാരനാവാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ ടീം ബാറ്റിങ് പരശീലകന്‍ വിക്രം റാത്തോര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി വിക്കറ്റ് കീപ്പറെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് പരിശീലകലന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം തുടര്‍ന്നു... ''ധോണിയുടെ മടങ്ങിവരവ് സംബന്ധിച്ച് ഒന്നും പറയാനാവില്ല. ഇപ്പോള്‍ അദ്ദേഹം പുറത്താണ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മഹത്തായ പ്രകടങ്ങളാണ് പുറത്തെടുത്തത്. 

അത്തരത്തില്‍ ഒരു താരത്തിന്റെ പകരക്കാരനാവുക എന്നുള്ളത് പന്തിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ പന്ത് ഫോമിലേക്ക് തിരിച്ചെത്തും. പന്തിന് പ്രത്യേക പരിഗണന ടീം മാനേജ്‌മെന്റ് നല്‍കുന്നുണ്ട്. ടീമിന് വേണ്ട പിന്തുണ നല്‍കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.'' റാത്തോര്‍ പറഞ്ഞു.
 
ദീര്‍ഘകാലമായി ടീമില്‍ നിന്ന് പുറത്താണ് ധോണി. ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുരത്തായ ശേഷം ധോണി ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. ഐപിഎല്ലില്‍ തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.