ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച താരമാണ് വിനോദ് കാംബ്ലി

മുംബൈ: മുംബൈയിലെ ബാന്ദ്ര സൊസൈറ്റിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി (Vinod Kambli). കാംബ്ലിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. അലക്ഷ്യമായി വാഹനമോടിച്ചത് അടക്കമുള്ള കുറ്റങ്ങളാണ് കാബ്ലിക്ക് നേരെ ചുമത്തിയത്. അപകടശേഷം സ്ഥലത്തെ സുരക്ഷാ ജീവനക്കാരനും ചില താമസക്കാരുമായി കാംബ്ലി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.

കാംബ്ലി- പതനങ്ങളുടെ കഥ

ടീം ഇന്ത്യക്കായി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ച താരമാണ് വിനോദ് കാംബ്ലി. ടെസ്റ്റില്‍ നാല് ശതകങ്ങള്‍ സഹിതം 1084 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ചുറികളോടെ 2477 റണ്‍സും കാംബ്ലി നേടി. 1991ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറിയ താരം 2000 വരെ രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സ്‌കൂള്‍കാല കൂട്ടുകാരനും ഇന്ത്യന്‍ ടീമിലെ സഹതാരവുമായിരുന്നു വിനോദ് കാംബ്ലി. 

സ്‌കൂള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചകാലത്ത് സച്ചിനും കാംബ്ലിയും ചേര്‍ന്ന് 664 റണ്‍സടിച്ച് ലോക റെക്കോര്‍ഡിട്ടിരുന്നു. ആദ്യം സച്ചിനും പിന്നെ കാംബ്ലിയും ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചു. കരിയറില്‍ മികച്ച തുടക്കത്തിനുശേഷം കാംബ്ലി നിറം മങ്ങിപ്പോയപ്പോള്‍ സച്ചിന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായി. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഉലച്ചില്‍തട്ടി. കരിയറിലെ വിഷമഘട്ടത്തില്‍ സച്ചിന്‍ സഹായിച്ചില്ലെന്ന കാംബ്ലിയുടെ തുറന്നുപറച്ചിലായിരുന്നു അതിന് കാരണം. എന്നാല്‍ അതിന് ശേഷം രണ്ട് പേരും പലവേദികളിലും പരസ്‌പരം കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു.

ഒരുപക്ഷേ സച്ചിനേക്കാള്‍ പ്രതിഭയുള്ള കളിക്കാരനായിരുന്നു കാംബ്ലി എന്ന് ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. 'കാംബ്ലിയുടെ കുടുംബ സാഹചര്യവും സുഹൃത്തുക്കളും സച്ചിന്‍റേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. പിന്നീടെന്ത് സംഭവിച്ചുവെന്ന് നമുക്കെല്ലാം അറിയാം. സച്ചിന്‍ 24 വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചു. കാംബ്ലിയാകട്ടെ മിന്നുന്ന തുടക്കത്തിനുശേഷം മറവിയിലേക്കാണ്ടുപോയി. പ്രതിഭ പ്രധാനമാണ്, പക്ഷെ അതിനേക്കാള്‍ പ്രധാനമാണ് കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും രക്ഷിതാക്കളുടെയും സ്‌കൂള്‍, കോളജ് അധികൃതരുടേയുമെല്ലാം പിന്തുണ. എന്നാല്‍ മാതാപിതാക്കളുടെ ആഗ്രഹ സാക്ഷാത്കരത്തിനായി കുട്ടികളെ നിര്‍ബന്ധിക്കരുത്. അവര്‍ക്കിഷ്‌ടമില്ലാത്ത കാര്യം ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമരുത്' എന്നും കപില്‍ വ്യക്തമാക്കിയിരുന്നു.

Smriti Mandhana : ഇന്ത്യക്ക് ആശ്വാസവാര്‍ത്ത; ആശങ്കയൊഴിഞ്ഞു, സ്‌മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും