മുംബൈ: ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പാക് ക്രിക്കറ്റ് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. മിയാന്‍ദാദ്, വിരമിച്ച ശേഷവും താങ്കള്‍ വൃത്തികെട്ട ഭാഷ ഉപേക്ഷിച്ചിട്ടില്ല അല്ലെ, ഞ‌ങ്ങളുടെ രാജ്യം സുരക്ഷിതമാണ്. ഈ രാജ്യത്ത് എത്തുന്ന വിദേശ രാജ്യങ്ങള്‍ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് ഞങ്ങള്‍ നല്‍കുന്നത്. നിങ്ങളുടെ രാജ്യത്തേക്ക് എത്ര രാജ്യങ്ങള്‍ വരാന്‍ തയാറാവുന്നു എന്ന് നിങ്ങള്‍ ആദ്യം പോയി പരിശോധിക്കൂ എന്നായിരുന്നു മിയാന്‍ദാദിന് കാംബ്ലിയുടെ  മറുപടി.

ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് ജാവേദ് മിയാന്‍ദാദ് കഴിഞ്ഞ ദിവസം വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇന്ത്യ സുരക്ഷിതമല്ലെന്നും രാജ്യം സന്ദര്‍ശിക്കാന്‍ ഒരു ടീമും തയ്യാറാകരുതെന്നും മിയാന്‍ദാദ് ആവശ്യപ്പെട്ടിരുന്നു.

ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാകിസ്ഥാനേക്കാള്‍ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ഐസിസിയിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയായിരുന്നു മിയാന്‍ദാദിന്‍റെ വിദ്വേഷ പ്രസ്താവന.