മുംബൈ: ഇടക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് പിടിച്ചുകുലുക്കിയ സംഭവമായിരുന്നു വിരാട് കോലി- അനില്‍ കുംബ്ലെ തര്‍ക്കം. കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലനായിരിക്കെ അദ്ദേഹവുമൊത്ത് തുടര്‍ന്നുപോകാന്‍ ക്യാപ്റ്റന്‍ കോലിക്ക് താല്‍പര്യമില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ കുംബ്ലെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെക്കുകയും ചെയ്തു. ഇപ്പോള്‍ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് കഴിഞ്ഞദിവസം ബിസിസിഐ ഇടക്കാല സമിതി പ്രസിഡന്റ് സ്ഥാനത്തുനിന്നിറങ്ങിയ വിനോദ് റായ്. 

ഇന്ത്യന്‍ ടീമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പരിശീലകനായിരുന്നു കുംബ്ലെയെന്ന് വിനോദ് റായ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''കുംബ്ലെ പരിശീലകനായി തുടരുന്നതില്‍ കോലിക്ക് എതിര്‍പ്പുണ്ടായിരുന്നു. പരിശീലക സ്ഥാനമൊഴിഞ്ഞ് പോയതില്‍ കുംബ്ലെയോട് ബഹുമാനമുണ്ട്. ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടണമെന്ന് സച്ചിനോടും ഗാംഗുലിയോടും ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അവര്‍ക്ക് കഴിയാത്തത് എനിക്കും കഴിയില്ലായിരുന്നു. കുംബ്ലെയ്ക്ക് കരാര്‍ നീട്ടികൊടുക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ പഴയ കരാര്‍ നീട്ടാനുള്ള യാതൊരു ഉടമ്പടിയും ഇല്ലായിരുന്നു.'' വിനോദ് റായ് പറഞ്ഞുനിര്‍ത്തി.