ഇന്ത്യയിൽ ഫെറാരി 12 സിലിണ്ടറി മോഡലിന് എക്സ്-ഷോറൂം വില 8.5 കോടി രൂപ മുതലാണ് തുടങ്ങുന്നത്. നികുതിയും മറ്റ് ചാർജുകളും ചേരുമ്പോൾ ഓൺ-റോഡ് വില 10 കോടിക്ക് അടുത്തെത്തും.

മുംബൈ: ലോകകപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പങ്കാളി മഹികാ ശർമ്മയ്ക്ക് 10 കോടി രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർകാർ സമ്മാനിച്ച് ഇന്ത്യൻ താരം ഹാര്‍ദ്ദിക് പാണ്ഡ്യ. മഹിക ശര്‍മ പുതിയ കാറിന്‍റെ പൂജ നടത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വമ്പൻ സമ്മാനത്തെക്കുറിച്ച് ആരാധകര്‍ അറിഞ്ഞത്.

മഹികാ ശർമ ഒരു പുരോഹിതന്‍റെ സാന്നിധ്യത്തിൽ പുതിയ കാറിന് മന്ത്രോച്ചാരണങ്ങളോടെ പൂജ നടത്തുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത്. വേഗതയുടെയും ആഡംബരത്തിന്‍റെയും പ്രതീകമായ ഫെറാരി 12 സിലിണ്ടറി ആണ് ഹാർദിക് സമ്മാനമായി നല്‍കിയത്. കാറിനുള്ളിലിരുന്ന് ഹാർദിക് തന്നെയാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നത്. ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും മൈതാനത്ത് ഒരുമിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു.

ഫെറാരി 12 സിലിണ്ടറി പ്രത്യേകതകൾ

ഇന്ത്യയിൽ ഫെറാരി 12 സിലിണ്ടറി മോഡലിന് എക്സ്-ഷോറൂം വില 8.5 കോടി രൂപ മുതലാണ് തുടങ്ങുന്നത്. നികുതിയും മറ്റ് ചാർജുകളും ചേരുമ്പോൾ ഓൺ-റോഡ് വില 10 കോടിക്ക് അടുത്തെത്തും. വെറും 2.9 സെക്കൻഡുകൾ കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ആഢംബര കാറിന് സാധിക്കും. മണിക്കൂറിൽ 340 കിലോമീറ്ററിലധികമാണ് ഇതിന്‍റെ പരമാവധി വേഗത. 6.5 ലിറ്റർ V12 എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. അത്യാധുനിക ഡിജിറ്റൽ ഡിസ്‌പ്ലേകളും ലക്ഷ്വറി ഇന്‍റീരിയറുമാണ് മറ്റൊരു ആകർഷണം.

View post on Instagram

ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ ഹാർദിക് നിർണ്ണായക പങ്കുവഹിച്ചിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിർണ്ണായക ഘട്ടങ്ങളിൽ തിളങ്ങിയ ഹാർദിക് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ നയിക്കാനുള്ള തയാറെടുപ്പിലാണ്. ഏകദേശം 8 കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് കള്ളിനന്‍, 5 കോടിക്ക് അടുത്ത് വിലയുള്ള ലംബോര്‍ഗിനി, നാലു കോടിക്ക് അടുത്ത് വിലയുള്ള മെഴ്സിഡെസ്, 70-80 ലക്ഷം വിലയുള്ള ഓഡി എ6 എന്നീ വാഹനങ്ങള്‍ ഹാര്‍ദ്ദിക്കിന് സ്വന്തമായുണ്ട്. നേരത്തെ ആദ്യഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും മകനും ഹാര്‍ദിക് ആഢംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക