Virat Kohli’s 100th Test : തീരുമാനത്തെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ തന്നെ പ്രശംസിച്ച് രംഗത്തെത്തി എന്നതാണ് ശ്രദ്ധേയം

മൊഹാലി: വിരാട് കോലിയുടെ (Virat Kohli’s 100th Test) നൂറാം ടെസ്റ്റിന് മൊഹാലിയില്‍ കാണികളെ അനുവദിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ശേഷമായിരുന്നു. മൊഹാലിയിലെ മത്സരത്തിന് (Punjab Cricket Association IS Bindra Stadium) കാണികളെ അനുവദിക്കില്ല എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ പിന്നീട് തീരുമാനമായി. കാണികളെ പ്രവേശിപ്പിക്കാനുള്ള പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ തീരുമാനം ബിസിസിഐ അംഗീകരിക്കുകയായിരുന്നു. ഈ തീരുമാനത്തെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ (Dimuth Karunaratne) തന്നെ പ്രശംസിച്ച് രംഗത്തെത്തി എന്നതാണ് ശ്രദ്ധേയം. 

അഭിമാന മുഹൂര്‍ത്തം

'ലങ്കന്‍ ടീമിനെ 300-ാം ടെസ്റ്റില്‍ നയിക്കുന്നത് വലിയ സന്തോഷം നല്‍കുന്നു, ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. ശ്രീലങ്കയ്‌ക്ക് ചരിത്ര ടെസ്റ്റില്‍ ഏറ്റവും മികച്ച വിജയം സമ്മാനിക്കാന്‍ എല്ലാ പ്രയത്‌നവും നടത്തും. വിരാട് കോലിയുടെ 100-ാം ടെസ്റ്റ് കൂടിയാണ് ഇത്. 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള ബിസിസിഐയുടെ തീരുമാനം മികച്ചതാണ്. പരമ്പരയ്‌ക്കായി മികച്ച തയ്യാറെടുപ്പാണ് ലങ്കന്‍ താരങ്ങള്‍ നടത്തുന്നത്. ഇരു ടെസ്റ്റിലും അതിനാല്‍ത്തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ബയോ-ബബിള്‍ ലംഘനത്തിന് ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തുന്ന നിരോഷന്‍ ഡിക്‌വെല്ല മൊഹാലിയില്‍ വിക്കറ്റ് കീപ്പറാകും. പേസര്‍ ദുഷ്‌മന്ത ചമീരയ്‌ക്ക് ആദ്യ ടെസ്റ്റില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റ കുശാല്‍ മെന്‍ഡിസ് പരമ്പരയില്‍ കളിക്കില്ല' എന്നും ദിമുത് കരുണരത്‌നെ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

കരുണരത്‌നെ ഫെബ്രുവരിയില്‍ ട്വീറ്റ് ചെയ്തത്...

മൊഹാലിയില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ മുമ്പ് പുറത്തുവന്നപ്പോള്‍ നിരാശ പരസ്യമാക്കി ലങ്കന്‍ നായകന്‍ രംഗത്തുവന്നിരുന്നു. 'ഞങ്ങളുടെ 300-ാം ടെസ്റ്റ്, ശ്രീലങ്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ ദിനമാണ് മാര്‍ച്ച് 4. അതിന്‍റെ ഭാഗമാകാന്‍ കഴിയുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. വിരാട് കോലിയുടെ നൂറാം ടെസ്റ്റ് കൂടിയാണിത് എന്നറിഞ്ഞു. മൊഹാലിയില്‍ കാണികളെ അനുവദിക്കില്ല എന്നത് നിരാശ നല്‍കുന്നു. ബെംഗളൂരു ടെസ്റ്റില്‍ കാണികളെ പ്രതീക്ഷിക്കുന്നതായും' ദിമുത് കരുണരത്‌നെ ഫെബ്രുവരി 27ന് ട്വീറ്റ് ചെയ്‌തിരുന്നു. 

Scroll to load tweet…

നാഴികക്കല്ലുകള്‍ നാട്ടാന്‍ കോലി 

നാളെ മൊഹാലിയിലാണ് വിരാട് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ് തുടങ്ങുന്നത്. ഇതോടെ 100 ടെസ്റ്റ് ക്ലബിലെത്തുന്ന 12-ാം ഇന്ത്യനും ആകെ 71-ാം രാജ്യാന്തര താരവുമാകും കോലി. ചരിത്ര ടെസ്റ്റില്‍ കോലി സെഞ്ചുറി വഴിയിലേക്ക് തിരിച്ചുവരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. എഴുപത് രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള വിരാട് കോലിക്ക് 2019 നവംബറിന് ശേഷം മൂന്നക്കം കാണാനായിട്ടില്ല. മൊഹാലിയില്‍ സെഞ്ചുറി അടിച്ചെടുത്താന്‍ കരിയറിലെ നൂറാം ടെസ്റ്റില്‍ ശതകം കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താം വിരാട് കോലിക്ക്.

മറ്റ് ചില നേട്ടങ്ങളും മത്സരത്തില്‍ കിംഗ് കോലിയെ കാത്തിരിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ് ക്ലബിലെത്താന്‍ 38 റണ്‍സ് കൂടി മതി കോലിക്ക്. മൊഹാലിയിലെ ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സ് കണ്ടെത്തിയാല്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും. ഇതും മൊഹാലി ടെസ്റ്റില്‍ വിരാട് കോലിയെ ആകര്‍ഷണകേന്ദ്രമാക്കുന്നു. കരിയറിലെ 99 ടെസ്റ്റില്‍ 27 സെഞ്ചുറിയും ഏഴ് ഇരട്ട സെഞ്ചുറിയും 28 അര്‍ധ സെഞ്ചുറിയും സഹിതം 50.39 ശരാശരിയില്‍ 7962 റണ്‍സ് കിംഗ് കോലി നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ജസ്‌പ്രീത് ബുമ്ര(വൈസ് ക്യാപ്റ്റന്‍, പ്രിയങ്ക് പാഞ്ചല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്‌മാന്‍ ഗില്‍, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, സൗരഭ് കുമാര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.