ഇതിഹാസ താരങ്ങളുടെ നീണ്ടനിര തന്നെ കോലിക്ക് ആശംസകള്‍ നേര്‍ന്നു. സച്ചിന്‍റെ വീഡിയോ തന്നെയായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം.
മൊഹാലി: സമകാലിക ക്രിക്കറ്റിലെ മാസ്റ്റര്‍ ബാറ്റര്‍ വിരാട് കോലിയുടെ നൂറാം ടെസ്റ്റിനാണ് (Virat Kohli’s 100th Test) നാളെ മൊഹാലിയില്‍ തുടക്കമാകുന്നത്. അയല്‍ക്കാരായ ശ്രീലങ്കയെ ഇന്ത്യ (IND vs SL 1st Test) നേരിടാനിറങ്ങും മുമ്പ് കിംഗ് കോലിക്ക് ആശംസകള്‍ നേരുകയാണ് ക്രിക്കറ്റ് ലോകം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar), ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും (Sourav Ganguly), ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid), വിവിഎസ് ലക്ഷ്‌മണുമടക്കം (VVS Laxman) ഇതിഹാസ താരങ്ങളുടെ നീണ്ടനിര തന്നെ കോലിക്ക് ആശംസകള്‍ നേര്‍ന്നു. സച്ചിന്‍റെ വീഡിയോ ആശംസ തന്നെയായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം.

കോലിയെ കുറിച്ച് ആദ്യമായി കേട്ടത് ഓര്‍മ്മിച്ച് സച്ചിന്‍
'എത്ര വിസ്‌മയകരമായ നേട്ടമാണിത്. ഞങ്ങള്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുമ്പോള്‍ വിരാട് കോലിയെ കുറിച്ച് ആദ്യമായി കേട്ടത് ഞാനോര്‍ക്കുന്നു. നിങ്ങളുടെ ടീം അണ്ടര്‍ 19 ലോകകപ്പ് മലേഷ്യയില്‍ കളിക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തിലെ താരങ്ങള്‍ നിങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേട്ടു. ടൂര്‍ണമെന്‍റില്‍ കണ്ടിരിക്കേണ്ട ബാറ്ററാണ് കോലി എന്നായിരുന്നു വാക്കുകള്‍. അതിന് ശേഷം ഞങ്ങള്‍ ഒന്നിച്ച് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ചു. എപ്പോഴും കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ആഗ്രഹിക്കുന്ന കോലിയെ ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്' എന്നിങ്ങനെ നീളുന്ന സച്ചിന്‍റെ ആശംസ.
'കഴിഞ്ഞ വര്‍ഷങ്ങളില്‍ താങ്കളുടെ ബാറ്റിംഗ് കാണുന്നത് ചന്തമായിരുന്നു. കണക്കുകള്‍ക്ക് അതിന്‍റെ സ്ഥാനമുണ്ട്. എന്നാല്‍ എല്ലാ തലമുറയെയും പൂര്‍ണമായും പ്രചോദിപ്പിക്കാന്‍ കഴിയുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ കരുത്ത്. ഇന്ത്യന്‍ ക്രിക്കറ്റിന് കോലിയുടെ വില മതിക്കാനാവാത്ത സംഭാവന ഇതാണെന്നും' സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
നന്ദി പറഞ്ഞ് ദാദ
'100 ടെസ്റ്റുകള്‍ കളിക്കുക ഏതൊരു ക്രിക്കറ്ററുടെയും കരിയറിലെ വലിയൊരു നേട്ടമാണിത്. രാജ്യത്തിനായി കളിച്ച് തുടങ്ങുമ്പോള്‍ മനസിലുണ്ടാകുന്ന ഏറ്റവും വലിയ സ്വപ്നമാണത്. 100 ടെസ്റ്റുകള്‍ കളിക്കുന്നതിന്‍റെ അനുഭവം എനിക്കുമുണ്ട്. അത് എത്രത്തോളം മഹത്തരമാണ് എന്ന് അതിനാല്‍ എനിക്കറിയാം. മുന്‍താരവും നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്‍റും എന്ന നിലയില്‍ കോലിക്ക് ആശംസകള്‍ നേരുന്നതായും' സൗരവ് ഗാംഗുലി പറഞ്ഞു. കോലിയുടെ കരിയറിനെ പരുവപ്പെടുത്തിയ കുടുംബാംഗങ്ങള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയാനും ദാദ മറന്നില്ല.
പക്വം ദ്രാവിഡിന്‍റെ വാക്കുകള്‍
'വിരാട് കോലിക്ക് തന്‍റെ നേട്ടങ്ങളില്‍ അഭിമാനിക്കാം. എപ്പോഴും കോലിയില്‍ വലിയ പ്രതീക്ഷയും സമ്മര്‍ദവുണ്ട്. എന്നിട്ടും 50 ബാറ്റിംഗ് ശരാശരി നേടാനായി. എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തു. ലോകത്തെ എല്ലായിടത്തും തിളങ്ങി. ഒരു താരം കൂടി 100 ടെസ്റ്റുകള്‍ കളിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനും ഇത് അഭിമാന നിമിഷമാണിത്. എളുപ്പം സാധിക്കുന്ന കാര്യമല്ലിത്. കോലിയുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. അതിനാല്‍ കോലി ഈ നേട്ടത്തിന് വളരെ അര്‍ഹനാണ്' എന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ വാക്കുകള്‍.
വെരി വെരി സ്‌പെഷ്യല്‍ ആശംസ
'ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും ഉന്നത തലത്തില്‍ കളിക്കാനാകുന്നത് ഏതൊരു ക്രിക്കറ്ററുടേയും വലിയ അഭിമാനമാണ്. മാത്രമല്ല, 100 മത്സരങ്ങള്‍ കളിക്കാനാവുക വിസ്‌മയ നേട്ടാണ്. വിരാട് കോലിക്ക് ആശംസകള്‍ നേരുന്നു. 100-ാം ടെസ്റ്റില്‍ സെഞ്ചുറി നേടി ഓര്‍മ്മകള്‍ കൂടുതല്‍ മനോഹരമാക്കാന്‍ കഴിയട്ടെ. തുടര്‍ന്നും ഞങ്ങള്‍ക്കൊക്കെ അഭിമാനമാകാന്‍ കോലിക്ക് കഴിയുമെന്നതില്‍ സംശയമില്ല' എന്നും വിവിഎസ് ലക്ഷ്‌മണ്‍ പറഞ്ഞു.
വീരു പതിവ് ശൈലിയില്‍
തന്‍റെ പതിവ് ശൈലിയിലായിരുന്നു ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ ആശംസ. സ്റ്റാര്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗും കോലിയെ പ്രശംസിച്ചു. 100 ടെസ്റ്റ് ക്ലബിലേക്ക് കോലിയെ സ്വാഗതം ചെയ്ത ഭാജി ഇന്ത്യന്‍ മുന്‍ നായകനെ ചാമ്പ്യന്‍ പ്ലെയര്‍ എന്ന് വിശേഷിപ്പിച്ചു.
IND vs SL: വിരാട് കോലിയുടെ ഏറ്റവും മികച്ച ടെസ്റ്റ് സെഞ്ചുറി തെരഞ്ഞെടുത്ത് രോഹിത് ശര്‍മ
