ദില്ലി: പാകിസ്ഥാനെതിരെ 2012 ഏഷ്യ കപ്പില്‍ വിരാട് കോലി നേടിയ 183 റണ്‍സ് കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന് എന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. പേരുകേട്ട ബൗളിംഗ് നിരയെ തലങ്ങുംവിലങ്ങും പറത്തി നേടിയ സെഞ്ചുറി മൂന്ന് ഫോര്‍മാറ്റുകളിലെയും കോലിയുടെ ബെസ്റ്റ് ഇന്നിംഗ്‌സുകളിലൊന്നായി ഗംഭീര്‍ വാഴ്‌ത്തുന്നു. 

ധാക്കയില്‍ വിജയലക്ഷ്യമായ 330 റണ്‍സ് പിന്തുടര്‍ന്ന ടീം ഇന്ത്യക്കായി 143 പന്തിലാണ് കോലി 183 റണ്‍സ് അടിച്ചുകൂട്ടിയത്. അതും സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് വിക്കറ്റ് നഷ്‌ടമായ ഇന്ത്യക്കായി. 22 ഫോറും ആറ് സിക്‌സും ഈ ഇന്നിംഗ്‌സിനെ മികവുറ്റതാക്കി. വലിയ അനുഭവസമ്പത്തില്ലാത്ത കാലത്താണ് കോലി പാകിസ്ഥാന്‍ പോലൊരു ടീമിനെതിരെ സമ്മര്‍ദഘട്ടത്തില്‍ മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്തതെന്ന് ഗംഭീര്‍ ഓര്‍മ്മിക്കുന്നു. 

വഹാബ് റിയാസ്, ഉമര്‍ ഗുല്‍, സയീദ് അജ്‌മല്‍, ഷാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ് എന്നിവരടങ്ങിയ ബൗളിംഗ് നിരയ്‌ക്കെതിരെയായിരുന്നു കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറി. 

ധാക്കയിലെ പോരാട്ടം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യ ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 50 ഓവറില്‍ ആറ് വിക്കറ്റിന് 329 റണ്‍സ് പടുത്തുയര്‍ത്തി. ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസും(105), നാസിര്‍ ജംഷെദും(112) ശതകം നേടി. മറുപടി ബാറ്റിംഗില്‍ ഗംഭീര്‍ രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായി. എന്നാല്‍ സച്ചിനും(52) രോഹിത്തും(68) അര്‍ധ സെഞ്ചുറി നേടി. ഒരുവശത്ത് നിലയുറപ്പിച്ച കോലിയുടെ 183 ഇന്ത്യക്ക് വിസ്‌മയ ജയമൊരുക്കുകയായിരുന്നു. 

ബെയര്‍സ്റ്റോയ്‌ക്ക് റെക്കോര്‍ഡ് അര്‍ധ ശതകം; അയര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് പരമ്പര