എട്ട് കളിയിൽ അ‍ർധസെഞ്ചുറി നേടിയെങ്കിലും കോലിക്ക് സെഞ്ചുറിയിലെത്താനായില്ല.

പുനെ: ഏകദിനത്തിൽ സെഞ്ചുറിയില്ലാത്ത കോലിയുടെ പതിനാലാമത്തെ ഇന്നിംഗ്സായിരുന്നു ഇന്നലത്തേത്. 2019 ഓഗസ്റ്റ് 14ന് വിൻഡീസിനെതിരെ ആയിരുന്നു കോലിയുടെ അവസാന ഏകദിന സെഞ്ചുറി. ഇതിന് ശേഷം എട്ട് കളിയിൽ അ‍ർധസെഞ്ചുറി നേടിയെങ്കിലും കോലിക്ക് സെഞ്ചുറിയിലെത്താനായില്ല. മുപ്പത്തിരണ്ടുകാരനായ കോലി ഏകദിന കരിയറില്‍ 43 സെഞ്ചുറി നേടിയിട്ടുണ്ട്. 

എന്നാല്‍ മൂന്നാമനായി ബാറ്റ് ചെയ്ത് പതിനായിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം മത്സരത്തിനിടെ കോലി സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ മുൻ നായകൻ റിക്കി പോണ്ടിംഗാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. പോണ്ടിംഗ് മൂന്നാമനായി 12,662 റൺസ് നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള കുമാർ സംഗക്കാര 9747 റൺസാണ് സ്‌കോർ ചെയ്‌തത്. 

ഇന്നലെ 79 പന്തിൽ 66 റൺസെടുത്താണ് കോലി പുറത്തായത്. ആദില്‍ റഷീദാണ് കോലിയെ പുറത്താക്കിയത്. ഒൻപതാം തവണയാണ് ഇംഗ്ലീഷ് സ്‌പിന്നർ ഇന്ത്യൻ നായകനെ പുറത്താക്കുന്നത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കോലിയെ ഏറ്റവും കൂടുതൽ പുറത്താക്കിയ രണ്ടാമത്തെ ബൗളറെന്ന നേട്ടം ഇതോടെ ആദിൽ സ്വന്തമാക്കി. ടിം സൗത്തി 10 തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. ഇംഗ്ലീഷ് ബൗളർമാരായ ബെൻ സ്റ്റോക്‌സ്, ജയിംസ് ആൻഡേഴ്‌സൺ, മോയീൻ അലി, ഗ്രേം സ്വാൻ എന്നിവർ എട്ട് തവണ വീതവും കോലിയെ പുറത്താക്കിയിട്ടുണ്ട്. 

അടി തെറ്റാതെ ഇംഗ്ലണ്ട്; ഇന്ത്യക്കെതിരെ ജയത്തോടെ പരമ്പരയില്‍ ഒപ്പം

പാണ്ഡ്യ പന്തെറിയാതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി കോലി