പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: പ്രായം 30, മുന്നില്‍ സച്ചിന്‍ മാത്രം!. എങ്കിലും ഏകദിന സെഞ്ചുറികളുടെ റെക്കോര്‍ഡ് ലക്ഷ്യമാക്കി കോലി അതിവേഗം ബാറ്റേന്തുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി തികച്ച് കോലി തന്‍റെ അക്കൗണ്ടില്‍ 42 ശതകങ്ങള്‍ എഴുതിച്ചേര്‍ത്തു. മുന്നിലുള്ള സച്ചിന്‍റെ പേരിലുള്ളത് 49 സെഞ്ചുറികള്‍. 

നാല്‍പ്പത്തിരണ്ടാം സെഞ്ചുറി തികച്ച് ഗാലറിയിലേക്ക് കോലി ബാറ്റ് വീശുമ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നാകെ കയ്യടിക്കുകയായിരുന്നു. സൗരവ് ഗാംഗുലി, ആകാശ് ചോപ്ര, ആര്‍ പി സിംഗ് അങ്ങനെ മുന്‍താരങ്ങളുടെ വലിയ പട്ടികതന്നെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. 

പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍ ഏകദിനത്തില്‍ 57 പന്തില്‍ അമ്പത്തിയ‌ഞ്ചാം ഏകദിന അര്‍ധ സെഞ്ചുറി തികച്ച കോലി 112 പന്തില്‍ 42-ാം സെഞ്ചുറിയിലെത്തി. നായകനായ ശേഷം വിന്‍ഡീസിനെതിരെ കോലിയുടെ ആറാം സെഞ്ചുറിയാണിത്. ഇതിനിടെ ഒരുപിടി റെക്കോര്‍ഡുകളും ഇന്ത്യന്‍ നായകന്‍ പേരിലാക്കി. 125 പന്തില്‍ 120 റണ്‍സെടുത്ത കോലിയെ ബ്രാത്ത്‌വെയ്റ്റ് 42-ാം ഓവറില്‍ റോച്ചിന്‍റെ കൈകളിലെത്തിച്ചു.