ഇംഗ്ലണ്ടില്‍ സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണന്നും ടീമിനായി മൂന്നോ നാലോ സെഞ്ചുറികള്‍ നേടണമെന്നാണ് ആഗ്രഹമെന്നും കോലി അന്ന് പറഞ്ഞു.

ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയുടെ തീരുമാനം സ്വയം എടുത്തതല്ലെന്ന് സൂചിപ്പിച്ച് ഡല്‍ഹി ടീം കോച്ച് ശരണ്‍ദീപ് സിംഗ്. വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് തന്നെ ഞെട്ടിച്ചുവെന്നും ശരണ്‍ദീപ് സിംഗ് പറഞ്ഞു. ഫെബ്രുവരിയില്‍ ഡല്‍ഹിക്കായി രഞ്ജി ട്രോഫി മത്സരം കളിക്കാനിറങ്ങിയപ്പോള്‍ കോലി കളിച്ചത് ശരണ്‍ദീപ് സിംഗിന് കീഴിലായിരുന്നു. ഇംഗ്ലണ്ടിനെതിരെ ജൂണില്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലും ടെസ്റ്റ് പരമ്പരക്ക് അതിന് മുമ്പ് ഇന്ത്യ എ ടീമിന്‍റെ പരിശീലന മത്സരങ്ങളിലും കളിക്കുമെന്ന് കോലി അന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് ശരണ്‍ദീപ് സിംഗ് വെളിപ്പെടുത്തി.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഫെബ്രുവരിയില്‍ റെയില്‍വേസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വിരാട് കോലി ഡല്‍ഹിക്കുവേണ്ടി കളിക്കാനിറങ്ങിയിരുന്നു.ഇംഗ്ലണ്ടില്‍ സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണന്നും ടീമിനായി മൂന്നോ നാലോ സെഞ്ചുറികള്‍ നേടണമെന്നാണ് ആഗ്രഹമെന്നും കോലി അന്ന് പറഞ്ഞു. ഇപ്പോള്‍ പൊടുന്നനെ വിരമിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്താണെന്ന് കോലിക്ക് മാത്രമെ അറിയൂവെന്നും എല്ലാവരും ഞെട്ടലിലാണെന്നും ശരണ്‍ദീപ് സിംഗ് ജിയോ ഹോട്സ്റ്റാറിനോട് പറഞ്ഞു.

വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്നതിന്‍റെ യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആരും പറഞ്ഞുകേട്ടതുമില്ല. ഐപിഎല്ലില്‍ അദ്ദേഹം നടത്തുന്ന മികച്ച പ്രകടനങ്ങള്‍ നോക്കു, മികച്ച ഫോമിലാണ് ഇപ്പോള്‍ അദ്ദേഹം. ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് ഒന്നോ രണ്ടോ കൗണ്ടി മത്സരങ്ങള്‍ കളിക്കുന്നോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഇല്ല, ഇന്ത്യ എക്കായി കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കോലി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിക്ക് വ്യക്തമായൊരു പ്ലാന്‍ ഉണ്ടായിരുന്നു. പക്ഷെ വിരമിക്കാനുള്ള തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചുകളഞ്ഞു.

ഫോം പ്രശ്നങ്ങളോ, ഫിറ്റ്നെസ് പ്രശ്നങ്ങളോ നിലവില്‍ കോലിക്കില്ല.ഓസ്ട്രേിലയയില്‍ മികവ് കാട്ടാനാകാത്തതില്‍ അദ്ദേഹം നിരാശനുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടില്‍ മൂന്നോ നാലോ സെഞ്ചുറിയെങ്കിലും നേടുമെന്ന് കോലി തന്നോട് പറഞ്ഞതെന്നും ശരണ്‍ദീപ് സിംഗ് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്നലെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ടെസ്റ്റ് കരിയറിൽ 123 മത്സരങ്ങളിലെ 210 ഇന്നിംഗ്‌സുകളില്‍ നിന്ന് 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോലി സ്വന്തമാക്കിയത്. ഏഴ് ഇരട്ട സെഞ്ചുറികളുള്‍പ്പെടെ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ടെസ്റ്റിൽ കോലി നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് കോലി. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി 40 വിജയങ്ങള്‍ നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക