എന്തുവന്നാലും ടെസ്റ്റ് കളിച്ചുകൊണ്ടാകും നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുക എന്നായിരുന്നു ഞാൻ എല്ലായ്പ്പോഴും കരുതിയിരുന്നത്. പക്ഷേ നിങ്ങൾ എപ്പോഴത്തെയും പോലെ നിങ്ങൾ നിങ്ങളുടെ ഹൃദയം പറയുന്നത് കേട്ടു.
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലിയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഭാര്യയും ബോളിവുഡ് നടിയുമായി അനുഷ്ക ശര്‍മ. ടെസ്റ്റ് കരിയറില്‍ കോലി നേരിടേണ്ടിവന്ന വിഷമഘട്ടങ്ങളെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നതാണ് അനുഷ്കയുടെ കുറിപ്പ്. കരിയറിലെ വലിയ വിജയങ്ങള്‍ മാത്രം എല്ലാവരും കാണുമ്പോഴാണ് കോലിയുടെ വ്യക്തിജീവത്തിലെ വിഷമഘട്ടങ്ങളെക്കുറിച്ച് അനുഷ്ക എഴുതുന്നത്.
അവർ നിങ്ങളുടെ റെക്കോർഡുകളെയും നാഴികക്കല്ലുകളെയും കുറിച്ചായിരിക്കും സംസാരിക്കുക. പക്ഷേ നിങ്ങൾ ഒരിക്കലും പുറത്തു കാണിക്കാതിരുന്ന കണ്ണീരിനെക്കുറിച്ചും കരിയറില്‍ നിങ്ങള്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ടെസ്റ്റ് ക്രിക്കറ്റിനോട് നിങ്ങള്‍ക്കുണ്ടായിരുന്ന അനുപമമായ സ്നേഹത്തെക്കുറിച്ചുമാണ് ഞാന്‍ ഓര്‍ക്കുന്നത്. ഇതെല്ലാം നിങ്ങളിൽ നിന്ന് എത്രമാത്രം കവർന്നെടുത്തു എന്ന് എനിക്കറിയാം. ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷവും,നിങ്ങൾ കുറച്ചുകൂടി ബുദ്ധിയോടെ പെരുമാറുന്നയാളും, വിനയമുള്ളവനുമായാണ് തിരിച്ചുവന്നിരുന്നത്, നിങ്ങൾ പരിണമിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരു പ്രിവില്ലേജ് ആയിരുന്നു.
എന്തുവന്നാലും ടെസ്റ്റ് കളിച്ചുകൊണ്ടാകും നിങ്ങള്‍ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുക എന്നായിരുന്നു ഞാൻ എല്ലായ്പ്പോഴും കരുതിയിരുന്നത്. പക്ഷേ നിങ്ങൾ എപ്പോഴത്തെയും പോലെ നിങ്ങളുടെ ഹൃദയം പറയുന്നത് നിങ്ങൾ കേട്ടു, അതുകൊണ്ട് തന്നെ അളവറ്റ സ്നേഹത്തോടെ പറയട്ടെ ഈ വിടവാങ്ങലിലെ ഓരോ അംശവും നിങ്ങൾ നേടിയെടുത്തതാണ്- എന്നായിരുന്നു അനുഷ്കയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇന്ന് ഉച്ചയോടെയാണ് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ടാഴ്ച മുമ്പാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചെങ്കിലും വിരാട് കോലി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ടെസ്റ്റ് കരിയറിൽ 123 മത്സരങ്ങളിലെ 210 ഇന്നിംഗ്‌സുകളില്‍ നിന്ന് 46.85 റണ്‍സ് ശരാശരിയില്‍ 9230 റണ്‍സാണ് കോലി സ്വന്തമാക്കിയത്. ഏഴ് ഇരട്ട സെഞ്ചുറികളുള്‍പ്പെടെ 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളും ടെസ്റ്റിൽ കോലി നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സമ്മാനിച്ച നായകന്‍ കൂടിയാണ് കോലി. 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോലി 40 വിജയങ്ങള്‍ നേടി.


