കൊല്‍ക്കത്ത: അടുത്ത വര്‍ഷം(2020) നാട്ടിൽ ഒരു ടെസ്റ്റ് പോലും ടീം ഇന്ത്യ കളിക്കില്ല. ട്വന്റി 20 ലോകകപ്പ് തയ്യാറെടുപ്പിലേക്ക് കടക്കുകയാണ് കോലിപ്പട. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് പരമ്പരകളും ജയിച്ച് 360 പോയിന്‍റ് നേടിയ ടീം ഇന്ത്യക്ക് അടുത്ത വര്‍ഷം രണ്ട് ടെസ്റ്റ് പരമ്പര മാത്രമാണുള്ളത്. രണ്ടും എവേ പരമ്പരകള്‍. ഫെബ്രുവരിയില്‍ ന്യൂസിലന്‍ഡില്‍ രണ്ടും ഡിസംബറില്‍ ഓസ്‌ട്രേലിയയില്‍ നാലും ടെസ്റ്റ് ഇന്ത്യ കളിക്കണം. ഇന്ത്യയുടെ പേസ് ഫാക്‌ടറി മികച്ചതെങ്കിലും ബാറ്റ്സ്‌മാന്‍മാര്‍ക്ക് രണ്ട് എവേ പരമ്പരയും വെല്ലുവിളിയാവും. 2021 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയാണ് നാട്ടില്‍ ടീം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് സീരിസ്. 

അടുത്ത വര്‍ഷം ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയില്‍ ട്വന്‍റി 20 ലോകകപ്പ് നടക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റിലാവും ഇന്ത്യയുടെ ശ്രദ്ധ മുഴുവന്‍. നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളെയും വിദേശത്ത് ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരെയും ടി20യില്‍ ഇന്ത്യക്ക് നേരിടണം. അടുത്ത സെപ്റ്റംബറില്‍ പാകിസ്ഥാനില്‍ ഏഷ്യാകപ്പും ക്രമീകരിച്ചിട്ടുണ്ട്. ട്വന്‍റി 20 ലോകകപ്പിന് മുന്‍പ് 26 ടി20 മത്സരങ്ങളെങ്കിലും കോലിപ്പട കളിക്കുമെന്നാണ് വിലയിരുത്തല്‍. 

അടുത്ത വര്‍ഷം ടീം ഇന്ത്യ നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളും ഓസ്‌ട്രേലിയന്‍ മണ്ണിലാണ്. ടി20 ലോകകപ്പും നാല് ടെസ്റ്റുകളടങ്ങിയ ഓസ്‌ട്രേലിയന്‍ പര്യടനവും. കോലിപ്പടയുടെ യഥാര്‍ഥ കരുത്ത് എന്തെന്ന് ഈ പരമ്പരകള്‍ വ്യക്തമാക്കും.