ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ജസ്പ്രിത് ബുമ്രയും അക്‌സർ പട്ടേലും തിരിച്ചെത്തി. ഫിറ്റ്നസ് ടെസ്റ്റിന് വിധേയനായി വിരാട് കോലിയും ടീമിൽ ഇടംപിടിച്ചപ്പോൾ, യശസ്വി ജയ്സ്വാളിന് സ്ഥാനം നഷ്ടമായി. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിലേക്ക് സഞ്ജു സാംസണെ പരിഗണിച്ചില്ല.
മുംബൈ: ജൂലൈ മാസത്തില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രിത് ബുമ്രയും അക്‌സര്‍ പട്ടേലും തിരിച്ചെത്തി. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോലിയും ഉള്‍പ്പെട്ടു. എന്നാല്‍ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയിച്ചാല്‍ മാത്രമെ സ്ഥാനം ഉറപ്പിക്കാനാവൂ. അഫ്ഗാനെതിരെ കളിച്ച പേസര്‍ പ്രിന്‍സ് യാദവ്, സ്പിന്നര്‍ ഹര്‍ഷ് ദുബെ എന്നിവരെ ഒഴിവാക്കി. ഇവര്‍ക്ക് പകരമാണ് ബുമ്രയും അക്‌സറുമെത്തിയത്. ഗുര്‍നൂര്‍ ബ്രാര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
അഫ്ഗാനെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിന് സ്ഥാനം നഷ്ടമായി. അതേസമയം മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ, അഫ്ഗാനെതിരെ അവസാന ഏകദിനത്തിന് ശേഷം രോഹിത് വിരമിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2027 ഏകദിന ലോകകപ്പ് പ്ലാനില്‍ രോഹിത് ഇല്ലെന്നും വാര്‍ത്തകളിലുണ്ടായിരുന്നു. ഇഷാന്‍ കിഷനും സ്ഥാനം ഉറപ്പാക്കി. സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കില്‍ നിന്ന് മോചിതനല്ലാത്ത ഹാര്‍ദിക് പാണ്ഡ്യയും ടീമിന് പുറത്താണ്. രവീന്ദ്ര ജഡേജയെ തഴഞ്ഞതോടെ, അദ്ദേഹത്തിന്‍റെ ഏകദിന കരിയര്‍ അവസാനിച്ചെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി (ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ചാല്‍), ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, ഗുര്‍നൂര്‍ ബ്രാര്‍.

