പോര്‍ട്ട് ഓഫ്‍ സ്പെയിന്‍: ഏകദിന ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ ഓരോന്നായി തിരുത്തിയെഴുതുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്വന്തമാക്കിയത് ചരിത്രനേട്ടം. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ബാറ്റ്സ്മാനെന്ന നേട്ടമാണ് ഇന്നലെ വിന്‍‍ഡീസിനെതിരെ സെഞ്ചുറിയുമായി ടീമിന്റെ വിജയശില്‍പിയായ കോലി സ്വന്തം പേരിലാക്കിയത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 20052 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ഇതില്‍ 20,018 റണ്‍സും കോലി നേടിയത് കഴിഞ്ഞ 10 വര്‍ഷത്തിനിടെയായിരുന്നു. ഒരു ദശകത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ പേരിലായിരുന്നു. 2000 മുതലുള്ള 10 വര്‍ഷക്കാലത്തിനുള്ളില്‍ പോണ്ടിംഗ് 18,962 റണ്‍സ് നേടിയതായിരുന്നു ഒരു ദശകത്തിലെ ബാറ്റ്സ്മാന്റെ ഏറ്റവും വലിയ റണ്‍വേട്ട.

ഇത് കോലി നേരത്തെ മറികടന്നിരുന്നു. ഇപ്പോഴിതാ ഒരു ദശകത്തില്‍ തന്നെ 20000 റണ്‍സെന്ന ചരിത്രനേട്ടവും കോലി സ്വന്തം പേരിലാക്കിരിക്കുന്നു. 2000 മുതലുള്ള 10 വര്‍ഷ കാലയളവില്‍ 16,777 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസ്, മഹേല ജയവര്‍ധനെ(16,304),കുമാര്‍ സംഗക്കാര(15,999) എന്നിവരാണ് കോലിയുടെ പിന്നിലുള്ളത്. 2000 മുതലുള്ള 10 വര്‍ഷക്കാലത്തിനിടെ 15,962 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ ആറാം സ്ഥാനത്താണ്.