പുനെ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതാകും. കപിലും ധോണിയും അസറുദ്ദീനും ഗാംഗുലിയും കോലിയുമെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് ആരാധകര്‍ പറയും. എന്നാല്‍ റെക്കോര്‍ഡ് ബുക്കുകളുടെ അവസ്ഥ അങ്ങനെയാകില്ല. ഇന്ത്യയുടെ നായകനെന്ന നിലയില്‍ മറ്റൊരു നാഴികകല്ല് പിന്നിടുകയാണ് വിരാട് കോലി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പൂനെയിൽ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ നായകനായതോടെ അൻപത് ടെസ്റ്റിൽ ഇന്ത്യയെ നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന റെക്കോർഡ് കോലിക്ക് സ്വന്തമായി. 49 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളികൊണ്ടാണ് കോലിയുടെ കുതിപ്പ്. 60 ടെസ്റ്റിൽ ഇന്ത്യയെ നയിച്ച എം എസ് ധോണിയുടെ ഒന്നാം സ്ഥാനത്തിനും കോലി ഭീഷണിയാണ്.

2008നും 2014നും ഇടയിലാണ് ധോണി ഇന്ത്യയെ 60 ടെസ്റ്റിൽ നയിച്ചത്. ധോണിയുടെ പിന്‍ഗാമിയായെത്തിയ കോലി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വിജയ ശതമാനമുള്ള നായകനാണ്.