ലോർഡ്സിൽ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ നായകനാണ് വിരാട് കോലി. 1986ൽ കപിൽ ദേവിന്റെ നേതൃത്വത്തിലും 28 വർഷത്തിനുശേഷം എം എസ് ധോണിയുടെ നേതൃത്വത്തിൽ 2014ലാണ് ഇന്ത്യ ലോർഡ്സിൽ വിജയമധുരം നുണയുന്നത്.
ലോർഡ്സ്: ക്രിക്കറ്റിന്റെ കളിതൊട്ടിലാണ് ഇംഗ്ലണ്ടിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. എന്തൊക്കെ നേട്ടങ്ങളുണ്ടെങ്കിലും ലോർഡ്സിലൊരു ടെസ്റ്റ് ജയമോ സെഞ്ചുറിയോ അഞ്ച് വിക്കറ്റ് നേട്ടമോ ഇല്ലാത്തത് കരിയറിലെ വലിയ നഷ്ടങ്ങളായി കരുതുന്നവരാണ് ക്രിക്കറ്റർമാരിലേറെയും. ഇപ്പോഴിതാ ലോർഡ്സിൽ തോൽവിയുടെ വക്കിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഇന്ത്യൻ നായകൻ വിരാട് കോലിയും ഒരു അപൂർവനേട്ടം സ്വന്തമാക്കിയിരിക്കുന്നു.
ലോർഡ്സിൽ ടെസ്റ്റ് വിജയം നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ നായകനാണ് വിരാട് കോലി. 1986ൽ കപിൽ ദേവിന്റെ നേതൃത്വത്തിലും 28 വർഷത്തിനുശേഷം എം എസ് ധോണിയുടെ നേതൃത്വത്തിൽ 2014ലാണ് ഇന്ത്യ ലോർഡ്സിൽ വിജയമധുരം നുണയുന്നത്. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്കുശേഷം കോലിയും ലോർഡ്സിലെ വിജയനായകരുടെ പട്ടികയിലേക്ക് കസേരയിട്ടിരിക്കുന്നു.
ടെസ്റ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 37-ാമത്തെ ജയമാണ് കോലി ഇന്ന് സ്വന്തമാക്കിയത്. ഇതോടെ വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിനെ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ സ്വന്തമാക്കിയ നായകൻമാരുടെ നിരയിൽ കോലി നാലാം സ്ഥാനത്തേക്ക് കയറി.
ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്ത്(53 ജയം), റിക്കി പോണ്ടിംഗ്(48), സ്റ്റീവ് വോ(41) എന്നിവർ മാത്രമാണ് ഈ ടെസ്റ്റ് വിജയങ്ങളുടെ കാര്യത്തിൽ കോലിക്ക് മുന്നിലുള്ളവർ.
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ പേസ് കരുത്തിൽ എറിഞ്ഞിട്ടാണ് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശർമ മൂന്നും ജസ്പ്രീത് ബുമ്ര രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു.
