ഐപിഎല്ലിലടക്കം ഫോമില്ലായ്‌മയുടെ വിമര്‍ശനം രോഹിത് ശര്‍മ്മ കേട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന് പരസ്യ പിന്തുണയുമായി കിംഗ് കോലി എത്തിയത് എന്നത് ശ്രദ്ധേയമാണ്

ഓവല്‍: ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് വിരാട് കോലി. രോഹിത്തിന്‍റെ പ്രതിഭ നമ്മള്‍ കണ്ടിട്ടുള്ളതാണെന്നും ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ഹിറ്റ്‌മാന്‍ എന്നും കോലി പറഞ്ഞു. ഐപിഎല്ലിലടക്കം ഫോമില്ലായ്‌മയുടെ വിമര്‍ശനം രോഹിത് ശര്‍മ്മ കേട്ടതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന് പരസ്യ പിന്തുണയുമായി കിംഗ് കോലി എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഓവലില്‍ ഇന്നാണ് ഓസീസിനെതിരെ ഇന്ത്യയുടെ കലാശപ്പോര് ആരംഭിക്കുന്നത്. 

'രോഹിത് ശര്‍മ്മ എത്രത്തോളം മികച്ച പ്രതിഭയാണെന്നും വൈറ്റ് ബോളില്‍ അദേഹം പുറത്തെടുത്ത ഗംഭീര പ്രകടനങ്ങളും ഉദാഹരണമായി നമുക്ക് മുന്നിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനാകും എന്ന് രോഹിത് കഴിഞ്ഞ വര്‍ഷങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് ഹിറ്റ്മാന്‍. ടെസ്റ്റില്‍ ഓപ്പണിംഗ് വലിയ വെല്ലുവിളിയാണെങ്കിലും രോഹിത് മികച്ച രീതിയില്‍ കളിക്കുന്നു. തന്‍റെ അദേഹം കാട്ടുന്നു. നോണ്‍‌സ്ടൈക്ക് എന്‍ഡില്‍ നിന്നുകൊണ്ട് രോഹിത്തിന്‍റെ ബാറ്റിംഗ് കാണുന്നത് ആനന്ദകരമാണ്. ഓവലില്‍ കഴിഞ്ഞ തവണ പുറത്തെടുത്ത പ്രകടനം രോഹിത് ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റാണ് ക്രിക്കറ്റിന്‍റെ അടിസ്ഥാനം. അഞ്ച് ദിവസം നീളുന്ന വന്‍ പോരാട്ടമാണ് അത്' എന്നും വിരാട് കോലി വ്യക്തമാക്കി. 

ഓസീസിനെതിരായ ഫൈനലോടെ ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. 2013ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും 2019ല്‍ ഓപ്പണറായി ഇറങ്ങിയതോടെയാണ് ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ ഹിറ്റ്മാന്‍റെ തലവര മാറിയത്. 2019 മുതല്‍ ആറ് സെഞ്ചുറികളും നാല് ഫിഫ്റ്റികളും സഹിതം 36 ഇന്നിംഗ്‌സില്‍ 52.76 ശരാശരിയുണ്ട് രോഹിത്തിന്. ഇതുവരെ കളിച്ച 49 ടെസ്റ്റുകളില്‍ 9 ശതകങ്ങളും ഒരു ഇരട്ട സെഞ്ചുറിയും ഉള്‍പ്പടെ 45.66 ശരാശരിയില്‍ 3379 റണ്‍സ് രോഹിത് പേരിലാക്കി. 212 ആണ് ഉയര്‍ന്ന സ്കോര്‍. 243 ഏകദിനങ്ങളില്‍ 9825 ഉം 148 രാജ്യാന്തര ട്വന്‍റി 20കളില്‍ 3853 ഉം റണ്‍സ് ഹിറ്റ്‌മാനുണ്ട്. 

Read more: കോലിയുടെ വിക്കറ്റ് എടുത്താല്‍ ഞാന്‍ ഏറ്റവും വെറുക്കപ്പെട്ടവനാകും; കാരണം വ്യക്തമാക്കി ലിയോണ്‍