ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) പരമ്പരയില്‍ ആരാധകര്‍ ഒരു സെഞ്ചുറി പ്രതീക്ഷിച്ചെങ്കിലും മൂന്ന് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. ബംഗളൂരുവില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 23, 13 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍.

ബംഗളൂരൂ: കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) കടന്നുപോകുന്നത്. ശ്രീലങ്കയ്‌ക്കെതിരെ (IND vs SL) പരമ്പരയില്‍ ആരാധകര്‍ ഒരു സെഞ്ചുറി പ്രതീക്ഷിച്ചെങ്കിലും മൂന്ന് ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. ബംഗളൂരുവില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ 23, 13 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്‌കോറുകള്‍. സ്പിന്നര്‍മാരായ ധനഞ്ജയ ഡിസില്‍വ, പ്രവീണ്‍ ജയവിക്രമ എന്നിവരാണ് വിക്കറ്റ് നേടിയത്.

ഇതോടെ കോലിയുടെ ശരാശരിയിലും ഇടിവ് സംഭവിച്ചു. 2017ന് ശേഷം കോലിയുടെ ശരാശരി 50ന് താഴേക്ക് വന്നു. നിലവില്‍ 49.95-ാണ് കോലിയുടെ ശരാശരി. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും 50ല്‍ കൂടുതല്‍ ബാറ്റിങ് ശരാശരിയെന്ന കോലിയുടെ റെക്കോര്‍ഡും തകര്‍ന്നു. ഏകദിനത്തില്‍ 58.07, ടി20യില്‍ 51.5 എന്നിങ്ങനെയാണ് കോലിയുടെ ശരാശരി.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കൂടുതലായി 70 സെഞ്ചുറികളുമായി നില്‍ക്കുകയാണ് കോലി. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാന സെഞ്ചുറി നേടിയത്. അതു വരെയുള്ള കോലിയുടെ ശരാശരി 54.97 ആയിരുന്നു. പക്ഷെ പിന്നീടുള്ള ടെസ്റ്റുകളില്‍ ഈ ശരാശരി താഴ്ന്നുകൊണ്ടിരുന്നു. കോലിയുടെ ബാറ്റിങ് ശരാശരി ആദ്യമായി 50 കടന്നത് കരിയറിലെ 52ാമത്തെ ടെസ്റ്റിലായിരുന്നു.

പിന്നീടൊരിക്കലും ഇതു 50നു താഴേക്കു പോവാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പക്ഷെ കരിയറിലെ 101-ാം ടെസ്റ്റില്‍ അതും സംഭവിച്ചു. 2019ല്‍ തന്റെ ശരാശരി 55.10ല്‍ വരെയെത്തിക്കാന്‍ കോലിക്കായിരുന്നു. പൂനെയില്‍ വച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ബംഗളൂരു ടെസ്റ്റിനു മുമ്പ് 50.36 ആയിരുന്നു വിരാട് കോലിയുടെ ബാറ്റിങ് ശരാശരി. 

ആദ്യ ഇന്നിങ്സിലെ പുറത്താവലിന്റെ റീപ്ലേ പോലെയായിരുന്നു രണ്ടാമിന്നിങ്സില്‍ കോലിയുടെ മടക്കം. ഇത്തവണ ബൗളര്‍ മാത്രമാണ് മാറിയത്. പ്രവീണ്‍ ജയവിക്രമയുടെ താഴ്ന്ന ബോള്‍ കോലി പ്രതിരോധിക്കും മുമ്പ് പാഡിലേക്കു വരികയായിരുന്നു.