ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കോലി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും കോലി തന്നെ.

ദില്ലി: ഇന്ത്യന്‍ താരം വിരാട് കോലി തന്റെ ഫോം തുടര്‍ന്നാല്‍ 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ നേടുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. നാളെ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരത്തിന് ടോസ് വീഴും. വര്‍ഷങ്ങളായി ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു ട്രോഫി കൊതിക്കുന്നുണ്ട്. 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ശേഷം ഇന്ത്യക്ക് ഏകദിനത്തില്‍ ഒരു ഐസിസി കിരീടം കിട്ടിയിട്ടില്ല. കിരീട വരള്‍ച്ചയ്ക്ക് അറുതിയിടാന്‍ കൂടിയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. 

ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കോലി. ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും കോലി തന്നെ. ഇതിനിടെയാണ് ബാല്യകാല കോച്ച് കോലിയെ കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇതൊരു വലിയ മത്സരമാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ കളിക്കുന്ന രീതി നോക്കുമ്പോള്‍, കിരീടം നേടുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതുവരെ ഇന്ത്യ എല്ലാ മത്സരങ്ങളിലും വിജയിച്ചു. എല്ലാവരും അവരുടെ സംഭാവനകള്‍ നല്‍കുന്നുണ്ട്. അവര്‍ ഒരു നല്ല ടീമിനെപ്പോലെയാണ് കളിക്കുന്നത്. അതിനാല്‍ ടീം കിരീടം നേടുമെന്ന് എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്.'' രാജ്കുമാര്‍ പറഞ്ഞു.

ചാംപ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം രോഹിത് വിരമിക്കുമോ? ഗില്ലിന്റെ പ്രതികരണം ഇങ്ങനെ

കോലിയുടെ മികച്ച ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും, ഫൈനലിലും കോലി മികച്ച പ്രകടനം തുടര്‍ന്നാല്‍ ഇന്ത്യ കിരീടം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ''കോലി തന്റെ ഫോം തുടരുമെന്ന്് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ഇതുപോലെ കളിക്കുന്നത് തുടര്‍ന്നാല്‍, ഇന്ത്യ തീര്‍ച്ചയായും ഫൈനല്‍ ജയിക്കും.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമനാണ് കോ്ലി. നാല് ഇന്നിംഗ്സുകളില്‍ നിന്ന് 72.33 ശരാശരിയില്‍ 217 റണ്‍സ് നേടിയ കിംഗ് ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും സ്വന്തമാക്കി. പാകിസ്ഥാനെതിരെ 100* (111) റണ്‍സും സെമിഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ 84 (98) റണ്‍സും നേടിയ കോലി ഈ രണ്ട് വിജയങ്ങളിലും നിര്‍ണായക പങ്കുവഹിച്ചു.