ദില്ലി: മരം കയറിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയെ ട്രോളി മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലോക്ക്ഡൗണ്‍ കാലത്ത് മുംബൈയിലെ വസതിയില്‍ കഴിയുന്ന കോലി പഴയ ഓര്‍മ പങ്കുവെക്കാനായാണ് മരത്തില്‍ കയറി താഴേക്ക് നോക്കുന്ന ചിത്രം പങ്കുവെച്ചത്. മരത്തില്‍ കയറിയതിനുശേഷമുള്ള കുട്ടിക്കാലത്തെ സന്തോഷത്തിന്റെ ഓര്‍മയെന്ന അടിക്കുറിപ്പോടെയാണ് കോലി ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്.

എന്നാല്‍ ഇതിന് ഇര്‍ഫാന്‍ പത്താന്‍ നല്‍കിയ മറുപടിയാകട്ടെ, മരത്തിന് മുകളില്‍ കയറി ക്രിക്കറ്റ് കാണുകയാണോ എന്നായിരുന്നു. ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ സ്റ്റേഡിയത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളിലും കെട്ടിടങ്ങളിലും കയറി ആരാധകര്‍ മത്സരം കാണാറുണ്ട്. അതേസമയം കോലിയുടെ ചിത്രത്തിന് അദ്ദേഹത്തിന്റെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ ബാംഗ്ലൂര്‍ നല്‍കിയ കമന്റാകട്ടെ എല്ലായ്പ്പോഴും ഉയരങ്ങളില്‍ എന്നായിരുന്നു.

ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഔട്ട് ഡോറില്‍ കോലി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങുന്ന ഐപിഎല്ലിന് മുന്നോടിയായി കോലി വൈകാതെ പരിശീലനത്തിന് ഇറങ്ങുമെന്നാണ് കരുതുന്നത്.