ഐപിഎല്‍ ചരിത്രത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം വിരാട് കോലി സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് കോലി ഈ നാഴികക്കല്ല് പിന്നിട്ടത്.
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററായി വിരാട് കോലി. തിങ്കളാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒന്‍പത് വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയിച്ച മത്സരത്തിലാണ് കോലി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന് മുന്‍പ് 11 റണ്‍സ് കൂടി മതിയായിരുന്നു കോലിക്ക് ഈ നാഴികക്കല്ല് പിന്നിടാന്‍. ഡല്‍ഹി ഉയര്‍ത്തിയ 76 റണ്‍സ് പിന്തുടരുന്നതിനിടെ, പവര്‍പ്ലേയിലെ അവസാന പന്തില്‍ അക്‌സര്‍ പട്ടേലിനെ ലോങ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിള്‍ എടുത്താണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്നുകയറിയത്.
ഇതോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള കോലി തന്റെ ആധിപത്യം ഉറപ്പിച്ചു. രണ്ടാമതുള്ള രോഹിത് ശര്‍മ്മ കോ്ലിയേക്കാള്‍ ഏകദേശം 1900 റണ്‍സ് പിന്നിലാണ്. 275 മത്സരങ്ങളില്‍ 9012 റണ്‍സാണ് കോലി നേടിയത്. ശരാശരി 40.05. സ്‌ട്രൈക്ക് റേറ്റ് 133.80. എട്ട് സെഞ്ചുറികളും 66 അര്‍ധ സെഞ്ചുറികളും കോലിയുടെ അക്കൗണ്ടിലുണ്ട്. മത്സരത്തില്‍ ആര്‍സിബി ഒമ്പത് വിക്കറ്റിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിനെ ജോഷ് ഹേസല്‍വുഡും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് 16.3 ഓവറില്‍ വെറും 75 റണ്‍സിന് പുറത്താക്കി. ഹേസല്‍വുഡ് നാലും ഭുവനേശ്വര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.
ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ആര്‍.സി.ബിക്ക് വേണ്ടി കോലി പക്വതയോടെ ബാറ്റ് വീശി. തുടക്കത്തില്‍ ദുഷ്മന്ത ചമീരയെ ബൗണ്ടറി പായിച്ച് ഫോം തെളിയിച്ച കോലി, കെയ്ല്‍ ജാമിസനെതിരെയും സിംഗിളുകള്‍ ഓടി സ്‌ട്രൈക്ക് കൈമാറി. വിജയത്തിനടുത്തെത്തിയപ്പോള്‍ ഗിയര്‍ മാറ്റിയ കോലി, ടി നടരാജനെതിരെ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തിയാണ് ബെംഗളൂരുവിനെ ലക്ഷ്യത്തിലെത്തിച്ചത്. 81 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ബെംഗളൂരുവിന്റെ ആധികാരിക വിജയം.
ഈ സീസണിലും മികച്ച ഫോമിലുള്ള കോലി, എട്ട് മത്സരങ്ങളില്‍ നിന്നായി 351 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ട്. 58.50 എന്ന മികച്ച ശരാശരിയുള്ള അദ്ദേഹത്തിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍ 81 ആണ്.

