സിഡ്‌നി: ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പിന്‍റെ ഫൈനലില്‍ എത്തിയ ഇന്ത്യന്‍ വനിതകളെ അഭിനന്ദിച്ച് വിരാട് കോലി. 'ലോകകപ്പ് ഫൈനലില്‍ ഇടംപിടിച്ച ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. നമ്മള്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ഫൈനലിന് എല്ലാവിധ ആശംസകളും നേരുകയാണ്' എന്നും വിരാട് കോലി ട്വീറ്റ് ചെയ്‌തു.

വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്‌മണ്‍, സുരേഷ് റെയ്‌ന എന്നിവരും ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്തി. 

ഇംഗ്ലണ്ടിനെതിരായ സെമി മഴമൂലം ടോസ് ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ ഫൈനലിന് നേരിട്ട് യോഗ്യത നേടിയത്. കളിച്ച നാല് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരായതാണ് ഇന്ത്യക്ക് തുണയായത്. അതേസമയം മൂന്ന് ജയങ്ങള്‍ മാത്രമേ ഉള്ളൂ എന്നത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. 

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിലെ വിജയികളെയാണ് ഫൈനലില്‍ ഇന്ത്യ നേരിടേണ്ടത്. ഞായറാഴ്‌ചയാണ് ഫൈനല്‍ നടക്കുക.