ബാറ്റിംഗ് ഫോം തിരികെ പിടിക്കാന്‍ സിംബാബ്‌വേ പര്യടനത്തില്‍ വിരാട് കോലിയെ ഉള്‍പ്പെടുത്താനാണ് ആലോചന

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍(WI vs IND) നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli) ഏഷ്യാ കപ്പിലൂടെ(Asia Cup 2022) തിരിച്ചെത്തും എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് മുമ്പ് സിംബാബ്‌വേക്കെതിരെ നടക്കുന്ന മൂന്ന് ഏകദിനങ്ങളില്‍(India Tour of Zimbabwe 2022) കോലി കളിക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ സിംബാബ്‌വെക്കെതിരെ കളിച്ച് ഏഷ്യാ കപ്പിന് മുമ്പ് ഫോമിലേക്ക് വിരാട് കോലി മടങ്ങിയെത്തണമെന്നാണ് സെലക്‌ടര്‍മാരുടെ നിലപാട് എന്നാണ് സൂചന. 

സെലക്‌ടര്‍മാരുടെ യോഗത്തിന് ഇനിയും സമയം അവശേഷിക്കുന്നുണ്ട്. ബാറ്റിംഗ് ഫോം തിരികെ പിടിക്കാന്‍ സിംബാബ്‌വേ പര്യടനത്തില്‍ കോലിയെ ഉള്‍പ്പെടുത്താനാണ് ആലോചന എന്നും ബിസിസിഐ വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. അതേസമയം സീനിയര്‍ താരങ്ങള്‍ക്ക് സിംബാബ്‌വേക്കെതിരായ മത്സരങ്ങളില്‍ ബിസിസിഐ വിശ്രമം അനുവദിച്ചേക്കും. സിംബാബ്‌വേ പര്യടനത്തില്‍ കെ എല്‍ രാഹുലായിരിക്കും ഇന്ത്യയെ നയിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഒന്നോ രണ്ടോ മത്സരങ്ങളില്‍ കളിച്ചവര്‍ പോലും കോലിയെ വിമര്‍ശിക്കുന്നുവെന്ന് മുന്‍ പാക് താരം

കാലുറപ്പിക്കാന്‍ കോലി 

നല്ല തുടക്കം കിട്ടിയ ഇന്നിംഗ്സുകളിൽപ്പോലും വിരാട് കോലി തുട‍ർച്ചയായി നിരാശപ്പെടുത്തുകയാണ്. 2019 നവംബറിന് ശേഷം സെഞ്ചുറി കണ്ടിട്ടില്ല. ഐപിഎല്ലിൽ നിറം മങ്ങിയ കോലി ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും തീർത്തും നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിൽ ക്രീസിലെത്തിയ ആറ് ഇന്നിംഗ്സിൽ വിരാട് കോലിക്ക് നേടാനായത് 76 റൺസ് മാത്രമായിരുന്നു. 20 റൺസാണ് ഉയർന്ന സ്കോർ. 2019 നവംബര്‍ 23ന് കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരായ ചരിത്ര പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ ബാറ്റ് അവസാനമായി 100 കണ്ടെത്തിയത്. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. 

മുപ്പത്തിമൂന്നുകാരനായ വിരാട് കോലി 102 ടെസ്റ്റിൽ 27 സെഞ്ചുറിയോടെ 8074 റൺസും 261 ഏകദിനത്തിൽ 43 സെഞ്ചുറിയോടെ 12327 റൺസും 99 ട്വന്‍റി 20യിൽ 3308 റൺസും നേടിയിട്ടുണ്ട്. 70 രാജ്യാന്തര ശതകങ്ങള്‍ കോലിയുടെ പേരിലുണ്ട്. 30 വയസിനുള്ളില്‍ തന്നെ ഇതിഹാസമായി വാഴ്‌ത്തപ്പെട്ടിട്ടും കോലിയുടെ ബാറ്റിന് പിഴയ്‌ക്കുകയാണ് കഴി‌ഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി. ഇതോടെയാണ് താരത്തെ ടീമില്‍ നിന്ന് പുറത്താക്കണം എന്നുവരെയുള്ള ആവശ്യം ശക്തമായത്.

ഏഷ്യാ കപ്പ് എവിടെ? ആശയക്കുഴപ്പം 

അതേസമയം ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഏഷ്യാ കപ്പ് വേദി സംബന്ധിച്ചുള്ള ആശങ്കകള്‍ തുടരുകയാണ്. രാജ്യത്തെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്‍റെ മൂന്നാം എഡിഷന്‍ മാറ്റിവെച്ചതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്നും ശ്രീലങ്ക പിന്‍മാറുന്നത്. യുഎഇയിലെ മറ്റേതെങ്കിലും രാജ്യത്തോ ഏഷ്യാ കപ്പിന് വേദിയൊരുക്കാമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഓഗസ്റ്റ് 27ന് ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റ് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിൽ ഇന്ത്യയാണ് നിലവിലെ ചാമ്പ്യൻമാർ.

സിംബാബ്‌വേ പര്യടനം: ടീം ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ്മയല്ല, കെ എല്‍ രാഹുല്‍- റിപ്പോര്‍ട്ട്