എന്നാല്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ കളിച്ചവര്‍ പോലും 70 രാജ്യാന്തര സെഞ്ചുറികളുള്ള കോലിയെ വിമര്‍ശിക്കുകയാണെന്ന് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‌മല്‍ പറഞ്ഞു. ബാറ്റിംഗിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കോലിക്ക് തന്നെ കഴിയൂവെന്നും അത് അദ്ദേഹത്തിന് വിട്ടുകൊടുക്കണമെന്നും കമ്രാന്‍ പറഞ്ഞു.

കറാച്ചി: ടി20 ലോകകപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ ടീമിലെ പ്രധാന ആശങ്കകളിലൊന്ന് വിരാട് കോലിയുടെ ബാറ്റിംഗ് ഫോമാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് ഫോർമാറ്റുകളിലു കളിച്ച കോലിക്ക് തന്‍റെ ആറ് ഇന്നിംഗ്‌സുകളിൽ ഒന്നില്‍ പോലും 20 റൺസ് മറികടക്കാൻ കഴിഞ്ഞില്ല. പിന്നാലെ ടി20 ലോകകപ്പിലെ കോലിയുടെ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി.

എന്നാല്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ കളിച്ചവര്‍ പോലും 70 രാജ്യാന്തര സെഞ്ചുറികളുള്ള കോലിയെ വിമര്‍ശിക്കുകയാണെന്ന് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്‌മല്‍ പറഞ്ഞു. ബാറ്റിംഗിലെ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കോലിക്ക് തന്നെ കഴിയൂവെന്നും അത് അദ്ദേഹത്തിന് വിട്ടുകൊടുക്കണമെന്നും കമ്രാന്‍ പറഞ്ഞു.

കോലി തികച്ചും വ്യത്യസ്തനായ കളിക്കാരനാണ്. കരിയറില്‍ എല്ലാവരും ഈ ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. ചില കളിക്കാരില്‍ ഇത് കുറച്ച് അധികം കാലം നീണ്ടേക്കാം. എന്നാല്‍ ഇതില്‍ നിന്ന് പുറത്തുവരാന്‍ കോലിക്ക് ഒരു വലിയ ഇന്നിംഗ്സ് മാത്രമേ ആവശ്യമുള്ളൂ. കാരണം, കളിയോടുള്ള കോലിയുടെ വിശ്വാസവും അഭിനിവേശവും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നുവെന്നും അക്മൽ പാക് ടിവിയോട് പറഞ്ഞു.

കോലിയുള്ള ഇന്ത്യന്‍ ടീമിനെയാണ് കൂടുതല്‍ ഭയക്കേണ്ടതെന്ന് റിക്കി പോണ്ടിംഗ്

70 രാജ്യാന്തര സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലിയെപ്പോലൊരു കളിക്കാരൻ തന്നെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരെ ശ്രദ്ധിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അക്മല്‍ ചോദിച്ചു. വെറും ഒന്നോ രണ്ടോ മത്സരങ്ങൾ കളിച്ചവരാണ് ഇപ്പോൾ കോലിയെക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും അതുകേട്ട് തനിക്ക് ചിരിക്കാനേ കഴിയൂവെന്നും അക്മൽ പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോള്‍ കോലിയുടെ ഫുട്‌വർക്ക്, ബാറ്റ് സ്വിംഗ്, ഹെഡ് പൊസിഷൻ, ഷോൾഡർ എന്നിവയിലൊന്നും ഇപ്പോഴും പിഴവുകളില്ല. അതുകൊണ്ടു തന്നെ കോലി പോസിറ്റീവായി കളിക്കണം. നിങ്ങൾ മുമ്പ് ചെയ്തതത് എന്താണെന്ന് മാത്രം ചിന്തിക്കുക. പുറത്തു നിന്ന് ധാരാളം അഭിപ്രായങ്ങൾ ഉണ്ടാകും, പക്ഷേ നിങ്ങൾ നിങ്ങളുടെ കളിയില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോകുക. കാരണം, ഒരു കളിക്കാരൻ അവന്‍റെ സ്വന്തം പരിശീലകന്‍ കൂടിയാണന്നും അക്മൽ പറഞ്ഞു.

കോലിക്ക് പകരം മറ്റാരായിരുന്നാലും എന്നേ ടീമില്‍ നിന്ന് പുറത്തായേനെ, തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുശേഷം വിശ്രമം അനുവദിച്ചതിനാൽ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും ഉൾപ്പെടുന്ന ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കോലി കളിക്കുന്നില്ല. ഓഗസ്റ്റ് അവസാനത്തോടെ സിംബാബ്‌വെക്കതിരായ ഏകദിന പരമ്പരയില്‍ കോലി ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.