രവി ശാസ്ത്രിയുടെയും രാഹുല്‍ ദ്രാവിഡിന്‍റെയും കീഴിലുണ്ടായിരുന്ന മുന്‍ ടീം മാനേജ്മെന്‍റുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഗംഭീറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിരാട് കോലി രണ്ട് തവണ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം കോലി നേരത്തെ എടുത്തിരുന്നുവെന്നും പ്രഖ്യാപിക്കാന്‍ വൈകിയെന്നേയുള്ളൂവെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.

തലമുറമാറ്റം നടക്കുന്ന ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവാനും മധ്യനരയില്‍ ബാറ്റിംഗില്‍ നങ്കൂരമിട്ട് പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും കോലി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബിസിസിഐക്ക് മറ്റ് ചില പദ്ധതികളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ എന്ന ആശയത്തെ പിന്തുണച്ചില്ല. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമാകുന്ന ഘട്ടത്തില്‍ യുവതാരങ്ങളിലൊരാളെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കാനായിരുന്നു ടീം മാനേജ്മെന്‍റും സെലക്ടര്‍മാരും താല്‍പര്യപ്പെട്ടത്. ഇതോടെയാണ് കോലി വിരമിക്കാനുള്ള തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ടീം മാനേജ്മെന്‍റുകളുടെ കാലത്ത് ലഭിച്ചിരുന്ന സ്വാതന്ത്ര്യം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നതും കോലിയുടെ തീരുമാനത്തെ സ്വാധീനിച്ചു. രവി ശാസ്ത്രിയുടെയും രാഹുല്‍ ദ്രാവിഡിന്‍റെയും കീഴിലുണ്ടായിരുന്ന മുന്‍ ടീം മാനേജ്മെന്‍റുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഗംഭീറിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം അടക്കം പുതിയ വെല്ലുവിളികള്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോലി വിരമിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

വിരമിക്കല്‍ തീരുമാനം പ്രഖ്യപിക്കുന്നതിന് മുമ്പ് മുന്‍ ഇന്ത്യൻ പരിശീലകന്‍ രവി ശാസ്ത്രിയോട് മാത്രമാണ് കോലി അഭിപ്രായം തേടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്‍റുമായ രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്താനിരുന്നെങ്കിലും ഇന്ത്യ-പാക് സംഘർഷങ്ങളെത്തുടര്‍ന്ന് കൂടിക്കാഴ്ച നടന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓസട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും കോലിയുടെ വിരമിക്കല്‍ വേഗത്തിലാക്കാന് കാരണമായെന്ന് സൂചനകളുണ്ട്. വിദേശപരമ്പരകളില്‍ കുടുംബത്തെ കൂടുകൂട്ടുന്നതിനടക്കം ബിസിസിഐ ഉപാധികള്‍ വെച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക