ദില്ലി: മോശം ഫോമിന് വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി നേരിടുന്നത്. ന്യൂസിലന്‍ഡില്‍ ബാറ്റിംഗില്‍ അമ്പേ പരാജയമായിരുന്നു കോലി. കഴിഞ്ഞ 22 ഇന്നിംഗ്‌സുകളില്‍ മൂന്നക്കം കാണാനായില്ല എന്നതും കോലിക്കെതിരായ വിമര്‍ശനങ്ങള്‍ കടുപ്പിച്ചു. കോലിയുടെ ഫോമില്‍ പ്രതികരണവുമായി കപില്‍ ദേവ് ഉള്‍പ്പടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 

കോലിക്ക് പിഴയ്‌ക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് തന്‍റെ നിരീക്ഷണം മുന്നോട്ടുവെക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. കോലിക്ക് കണ്ണും കൈകളും തമ്മിലുള്ള ഏകോപനത്തില്‍ പ്രശ്‌നമില്ലെന്നും ഫോമില്ലായ്‌മയാണ് നാം കാണുന്നത് എന്നുമാണ് വീരുവിന്‍റെ വാദം. കാഴ്‌ചയുടെ പ്രശ്‌നം കോലിയെ അലട്ടുന്നുണ്ടാകാം എന്ന് കപില്‍ ദേവ് മുന്‍പ് നിരീക്ഷിച്ചിരുന്നു. 

'ഫോമിലല്ലാതിരിക്കുമ്പോള്‍ ഒന്നും ശരിയായ വഴിക്കുവരില്ല. വിരാട് ശ്രമിക്കുന്നില്ല എന്നല്ല, ഭാഗ്യം അയാളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ്. കണ്ണും കൈകളും തമ്മിലുള്ള ഏകോപനത്തില്‍ പ്രശ്‌നങ്ങളില്ല. ഒരു സുപ്രഭാദത്തിലല്ല, കുറച്ച് കാലംകൊണ്ട് മാത്രമേ ആ ഏകോപനം നഷ്‌ടപ്പെടൂ. കോലി നേരിടുന്നത് ഫോമില്ലായ്‌മയുടെ പ്രശ്‌നം മാത്രമാണെന്ന് എനിക്കുറപ്പാണ്. ന്യൂസിലന്‍ഡില്‍ മികച്ച പന്തുകളിലാണ് കോലി പുറത്തായത്' എന്നും സെവാഗ് വ്യക്തമാക്കി. 

കണ്ണാണ് കോലിയുടെ പ്രശ്‌നം; കപില്‍ ദേവ് അന്ന് പറഞ്ഞത്

കാഴ്‌ച കോലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്ന് മുന്‍ നായകന്‍ കപില്‍ ദേവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. 'പ്രായം 30 കടന്നാല്‍ റിഫ്ലെക്സുകളും കാഴ്‌ചശക്തിയും കുറയുമെന്നും ഇത് മറികടക്കാന്‍ കോലി കഠിന പരിശീലനം ചെയ്യണണമെന്നുമായിരുന്നു കപിലിന്‍റെ ഉപദേശം. സെവാഗും ദ്രാവിഡും റിച്ചാര്‍ഡ്സുമെല്ലാം ഈ ഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. കാഴ്‌ചശക്തി കുറയുമ്പോള്‍ ബാറ്റിംഗ് ടെക്‌നിക് കുറച്ചുകൂടി തേച്ച് മിനുക്കേണ്ടിവരും' എന്നും ഇതിഹാസ ഓള്‍റൗണ്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ന്യൂസിലന്‍ഡ് പര്യടനത്തില്‍ 11 ഇന്നിംഗ്‌സുകളില്‍ 218 റണ്‍സ് മാത്രമാണ് വിരാട് കോലി നേടിയത്. രണ്ട് ടെസ്റ്റുകളില്‍ 9.50 ശരാശരിയില്‍ 38 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് വിരാട് കോലിക്ക് മുന്നില്‍ ഇനിയുള്ളത്. മാര്‍ച്ച് 12നാ് പരമ്പര ആരംഭിക്കുന്നത്.