Asianet News MalayalamAsianet News Malayalam

ശ്രീലങ്കയ്‌ക്കെതിരായ സെഞ്ചുറി; സച്ചിന്റെ രണ്ട് റെക്കോര്‍ഡുകള്‍ക്കൊപ്പം വിരാട് കോലി

ഇരുവര്‍ക്കും ഒമ്പത് സെഞ്ചുറികള്‍ വീതമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും കോലി ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ എട്ട് സെഞ്ചുറികള്‍ നേടാനും കോലിക്കായി. സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരേയും ഒമ്പത് സെഞ്ചുറികള്‍ നേടി.

Virat Kohli equals new records with Sachin Tendulkar in ODI
Author
First Published Jan 10, 2023, 7:50 PM IST

ഗുവാഹത്തി: ഏകദിനത്തിലെ 45-ാം സെഞ്ചുറിയോടെ നിരവധി റെക്കോര്‍ഡുകളാണ് വിരാട് കോലി അക്കൗണ്ടിലാക്കിയത്. ഗുവാഹത്തിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സെഞ്ചുറി നേടിയത്. 87 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറും ഉള്‍പ്പെടെയാണ് 113 റണ്‍സ് നേടിയത്. ഇതോടെ ശ്രീലങ്കയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തി കോലി.

ഇരുവര്‍ക്കും ഒമ്പത് സെഞ്ചുറികള്‍ വീതമാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയും കോലി ഒമ്പത് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ എട്ട് സെഞ്ചുറികള്‍ നേടാനും കോലിക്കായി. സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരേയും ഒമ്പത് സെഞ്ചുറികള്‍ നേടി. ശ്രീലങ്കയ്‌ക്കെതിരെ എട്ടും സെഞ്ചുറികള്‍ സ്വന്തമാക്കി. ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ എട്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ കോലി ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. 

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിലും കോലി സച്ചിനൊപ്പമെത്തി. ഇരുവര്‍ക്കും ഇന്ത്യയില്‍ മാത്രം 20 സെഞ്ചുറികളാണുള്ളത്. കോലിക്ക് 99 ഇന്നിംഗ്‌സുകള്‍ മാത്രമാണ് ഇത്രയും സെഞ്ചുറികള്‍ നേടാന്‍ വേണ്ടിവന്നത്. സച്ചിനാവാട്ടെ 160 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയും മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും രണ്ടാമതുണ്ട്. 14 സെഞ്ചുറികള്‍ വീതം ആംലയും പോണ്ടിംഗും സ്വന്തം നാട്ടില്‍ നേടി. 

വിരാട് കോലിയുടെ (87 പന്തില്‍ 113) സെഞ്ചുറിയുടെ കരുത്തില്‍ 373 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (67 പന്തില്‍ 83), ശുഭ്മാന്‍ ഗില്‍ (60 പന്തില്‍ 70) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കശുന്‍ രചിത മൂന്ന് വിക്കറ്റ് വീഴ്ത്തി. കോലിയുടെ 45-ാം ഏകദിന സെഞ്ചുറിയായിരുന്നു ഗുവാഹത്തിയിലേത്. രജിതയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങുന്നത്.

ശ്രീലങ്കയെ കണ്ടാല്‍ കോലിക്ക് കലിവരും! കണക്കുകള്‍ ആരാധകരെ അതിശയിപ്പിക്കും

Follow Us:
Download App:
  • android
  • ios