മാച്ച് ഫീയുടെ 50 ശതമാനാണ് പിഴയായി വിധിച്ചത്. അരക്ക് മുകളില്‍ വന്ന ഹര്‍ഷിത് റാണയുടെ ഫുള്‍ടോസിലാണ് കോലി പുറത്തായത്. 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തില്‍ വിവാദ പുറത്താകലിനു പിന്നാലെ അമ്പയറോട് കയര്‍ക്കുകയും ഡഗ് ഔട്ടിലേക്ക് മടങ്ങും വഴി ചവറ്റുകൊട്ട ചവിട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കോലിക്ക് പിഴ ശിക്ഷ വിധിച്ച് മാച്ച് റഫറി. മാച്ച് ഫീയുടെ 50 ശതമാനാണ് പിഴയായി വിധിച്ചത്. അരക്ക് മുകളില്‍ വന്ന ഹര്‍ഷിത് റാണയുടെ ഫുള്‍ടോസിലാണ് കോലി പുറത്തായത്.

നോ ബോളാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും അമ്പയര്‍ അത് ഔട്ട് വിധിച്ചിരുന്നു. തേര്‍ഡ് അമ്പർ മൈക്കല്‍ ഗഫിന്‍റെ പരിശോധനയിലും അത് നോ ബോളല്ലെന്നാണ് വിധിച്ചത്. ഇതോടെ അമ്പയറുമായി തര്‍ക്കിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയ കോലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നതും തല്‍സമയം ആരാധകര്‍ കണ്ടു. ഇതിന് പിന്നാലെയാണ് ലെവല്‍ 1 കുറ്റം ചെയ്ത കോലി ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കി മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. മാച്ച് റഫറിയുടെ തീരുമാനം കോലി അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഇല്ലാതെയാണ് ശിക്ഷ വിധിച്ചത്. ലെവല്‍-1 കുറ്റങ്ങള്‍ക്ക് മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.

ഞാന്‍ ആരോടും മത്സരിക്കാനില്ല, ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് തുറന്നു പറഞ്ഞ് സഞ്ജു സാംസണ്‍

ഇന്നലെ കൊല്‍ക്കത്ത പേസര്‍മാരായ ഹര്‍ഷിത് റാണയെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും സിക്‌സിന് പറത്തിയായിരുന്നു വിരാട് കോലി ചേസിംഗ് തുടങ്ങിയത്. എന്നാല്‍ ആര്‍സിബി ഇന്നിംഗ്‌സില്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോലി നാടകീയമായി പുറത്തായി. അരയ്‌ക്കൊപ്പം ഉയര്‍ന്നുവന്ന റാണയുടെ ഹൈ-ഫുള്‍ടോസ് സ്ലോ ബോളില്‍ ബാറ്റ് വെച്ച കോലി റിട്ടേണ്‍ ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. അമ്പയര്‍ ഔട്ട് വിധിച്ചതിന് പിന്നാലെ നോബോള്‍ സാധ്യത മനസില്‍ കണ്ട് കോലി റിവ്യൂ എടുത്തു.

Scroll to load tweet…

എന്നാല്‍ പന്ത് ബാറ്റില്‍ കൊള്ളുമ്പോള്‍ കോലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാല്‍ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോള്‍ ട്രാക്കിംഗിലൂടെ മൂന്നാം അംപയര്‍ ഉറപ്പിച്ചു. എന്നാല്‍ പന്ത് നോബോളാണ് എന്നുപറഞ്ഞ് കോലി ഫീല്‍ഡ് അംപയറുമായി തര്‍ക്കിക്കുകയായിരുന്നു. ഡ്രസിംഗ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തിയായിരുന്നു തര്‍ക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോലിയുടെ മടക്കം. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിക്കുന്നതും ആരാധകര്‍ ടെലിവിഷനില്‍ കണ്ടിരുന്നു. മത്സരത്തില്‍ 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി ഒരു റണ്‍സിന്‍റെ നാടകീയ തോല്‍വി വഴങ്ങിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക