ഓസ്‌ട്രേലിയക്കെതിരെ 2000+ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കോലി. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ വിരാട് കോലി (44), അജിന്‍ക്യ രഹാനെ (20) സഖ്യത്തിലാണ്. ഇന്നത്തെ മൂന്ന് സെഷനും ഏഴ് വിക്കറ്റും ശേഷിക്കെ 280 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. ഇതിനിടെ ഒരു നാഴികക്കല്ല് പിന്നിടാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി. 

ഓസ്‌ട്രേലിയക്കെതിരെ 2000+ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കോലി. ഇക്കാര്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. 3630 റണ്‍സ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ അക്കൗണ്ടിലുണ്ട്. വിവിഎസ് ലക്ഷമണ്‍ (2434), രാഹുല്‍ ദ്രാവിഡ് (2143), ചേതേശ്വര്‍ പൂജാര (2143) എന്നിവരാണ് കോലിക്ക് മുകളിലുള്ള താരങ്ങള്‍. കോലിയുടെ അക്കൗണ്ടില്‍ 2037 റണ്‍സാണുള്ളത്. 

അതേസമയം, ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ്. രോഹിത് ശര്‍മ (43), ശുഭ്മാന്‍ ഗില്‍ (18), ചേതേശ്വര്‍ പൂജാര (27) എന്നിവരുടെ വിക്കറ്റുകല്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇതില്‍ ഗില്ലിന്റെ പുറത്താകല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. 444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ബാറ്റ് വീശവേ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ വിവാദ പുറത്താകല്‍. ബോളണ്ടിന്റെ പന്ത് ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ ഗള്ളിയിലേക്ക് തെറിച്ചപ്പോള്‍ ഒറ്റകൈയില്‍ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

എന്നാല്‍ ഗില്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. പന്ത് കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ ഗ്രീനിന്റെ വിരലുകള്‍ പന്തിലുണ്ടായിരുന്നില്ലെന്നും ബോള്‍ പുല്ലില്‍ തട്ടിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷമാണ് വിക്കറ്റ് ബോളണ്ടിന് ഉറപ്പിച്ചത്. മൈതാനത്തെ ബിഗ് സ്‌ക്രീനില്‍ മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ ഔട്ട് എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു വിഭാഗം കാണികള്‍ 'ചീറ്റര്‍, ചീറ്റര്‍' എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

YouTube video player