മാന്ത്രിക സഖ്യയില്‍ കോലി! സഞ്ജുവിനെ മറികടന്ന് റുതുരാജ്; ഐപിഎല്‍ റണ്‍വേട്ടയില്‍ ആദ്യ അഞ്ചില്‍ മാറ്റം
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് നിലവില്‍ രണ്ടാം സ്ഥാനത്തിന് അവകാശി. ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം 447 റണ്‍സ് നേടി.
ലഖ്നൗ: ഐപിഎല്‍ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഭദ്രമാക്കി വിരാട് കോലി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 44 പന്തില്‍ റണ്‍സ് നേടിയിരുന്നു കോലി. ഇതോടെ കോലിക്ക് 147.49 സ്‌ട്രൈക്ക് റേറ്റില്‍ 500 റണ്‍സായി. 71.43 ശരാശരിയിലാണ് കോലിയുടെ നേട്ടം. ഏഴാം തവണയാണ് കോലി മാന്ത്രിക സംഖ്യയിലെത്തുന്നത്. അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് രണ്ടാം സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു. ഒമ്പത് മത്സരങ്ങളില്‍ 385 റണ്‍സ് നേടിയ സഞ്ജു നാലാം സ്ഥാനത്തേക്ക് വീണു. 77 റണ്‍സാണ് താരത്തിന്റെ ശരാശരി. 161.09 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ റണ്‍വേട്ട.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദാണ് നിലവില്‍ രണ്ടാം സ്ഥാനത്തിന് അവകാശി. ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം 447 റണ്‍സ് നേടി. 149.50 സ്‌ട്രൈക്ക് റേറ്റുണ്ട് റുതുരാജിന്. ശരാശരിയാവട്ടെ 63.86 റണ്‍സും. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 54 പന്തില്‍ 98 റണ്‍സാണ് റുതുരാജ് നേടിയത്. ഗുജറാത്തിന്റെ സായ് സുദര്‍ശന്‍ മൂന്നാം സ്ഥാനത്തുണ്ട്. 10 മത്സരങ്ങളില്‍ 418 റണ്‍സാണ് സായിയുടെ സമ്പാദ്യം. ഇന്നലെ ആര്‍സിബിക്കെതിരെ 49 പന്തില്‍ 84 റണ്‍സാണ് സായ് അടിച്ചെടുത്തത്. ഇതോടെ സഞ്ചുവിനെ മറികടക്കാന്‍ താരത്തിനായി. എന്നാല്‍ 135.71 സ്‌ട്രൈക്ക് റേറ്റ് മാത്രമാണ് ഗുജറാത്ത് താരത്തിനൊള്ളൂ. തൊട്ടുപിന്നില്‍ സഞ്ജു.
കെ എല്‍ രാഹുലാണ് അഞ്ചാം സ്ഥാനത്ത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്താന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന രാഹുലിന് ഒമ്പത് മത്സരങ്ങളില്‍ 378 റണ്‍സാണുള്ളത്. 144.72 സ്ട്രൈക്ക് റേറ്റിലും 42.00 ശരാശരിയും. തൊട്ടുപിന്നില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. 10 മത്സരങ്ങളില്‍ 46.38 ശരാശരിയില്‍ 371 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 160.61 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ഏഴാം സ്ഥാനത്തേക്ക് വീണു. എട്ട് ഇന്നിംഗ്‌സില്‍ 44.62 ശരാശരിയില്‍ 357 റണ്‍സാണ് നരെയ്ന്‍ അടിച്ചെടുത്തത്. 184.02 ശരാശരിയും നരെയ്‌നുണ്ട്.
ചെന്നൈയുടെ ശിവം ദുബെ എട്ടാം സ്ഥാനത്ത്. 9 മത്സരങ്ങളില്‍ 350 റണ്‍സാണ് ദുബെ നേടിയത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ട്രാവിസ് ഹെഡ് (336), തിലക് വര്‍മ (336) എന്നിവര്‍ ഒമ്പതും പത്തും സ്ഥാനങ്ങളില്‍.