ചെന്നൈ: വിരാട് കോലിയുടെ നേതൃത്വം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മനക്കരുത്തുള്ള സംഘമാക്കി മാറ്റിയെന്ന് ഇംഗ്ലണ്ട് മുൻനായകൻ നാസർ ഹുസൈൻ. കോലിയടക്കമുള്ള പ്രമുഖ താരങ്ങൾ ഇല്ലാതിരുന്നിട്ടും അജിങ്ക്യ രഹാനെയും സംഘവും ഓസ്ട്രേലിയക്കെതിരെ പരമ്പര വിജയം നേടിയത് കോലി നൽകിയ പോരാട്ടവീര്യമാണെന്നം നാസർ ഹുസൈൻ പറയുന്നു.

കളിക്കളത്തിനകത്തെയോ പുറത്തെയോ വിമർശനങ്ങൾ കൊണ്ടോ, പ്രകോപനങ്ങൾകൊണ്ടോ ഇന്ത്യൻ ടീമിനെ ഒന്നും ചെയ്യാൻ കഴിയില്ല. സ്വന്തം നാട്ടിൽ കളിക്കുമ്പോൾ ഇന്ത്യക്ക് ഇരട്ടി കരുത്താവും. ഇന്ത്യയെ കീഴടക്കുക ഇംഗ്ലണ്ടിന് എളുപ്പമാവില്ലെന്നും നാസർ ഹുസൈൻ പറഞ്ഞു.

സ്വന്തം നാട്ടില്‍ കളിക്കുന്ന ഇന്ത്യയെ കീഴടക്കാന്‍ ഇംഗ്ലണ്ട് ഏറെ പരിശ്രമിക്കേണ്ടിവരും. പിഴവൊന്നും വരുത്താതിരുന്നാലെ അതിന് കഴിയു. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 1-0ന് പിന്നിലായിട്ടും പ്രമുഖരെ നഷ്ടപ്പെട്ടിട്ടും ഇന്ത്യ 2-1ന് പരമ്പര നേടി എന്നത് അവരുടെ മന:ക്കരുത്താണ് വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെ  ഒരിക്കലും വിലകുറച്ചു കാണരുതെന്നും ഹുസൈന്‍ പറഞ്ഞു.