ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോലി ഏകദിന ടീമിന്‍റെ നായകസ്ഥാനവും സമീപ ഭാവിയില്‍ ഒഴിഞ്ഞേക്കാം. ഉടന്‍ ഒഴിയുമെന്നല്ല, പക്ഷെ അത് സംഭവിക്കും.

മുംബൈ: ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായക സ്ഥാനവും വിരാട് കോലി(Virat Kohli) വൈകാതെ ഒഴിയുമെന്ന് സൂചിപ്പിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri ). ടെസ്റ്റ് ക്രിക്കറ്റില്‍ കോലിക്ക് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യ ഒന്നാം നമ്പര്‍ ടീമാണെന്നും എന്നാല്‍ ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി സമീപഭാവിയില്‍ തന്നെ കോലി ഏകദിന ടീമിന്‍റെ നായക സ്ഥാനവും ഒഴിഞ്ഞേക്കാമെന്നും രവി ശാസ്ത്രി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി കോലി ഏകദിന ടീമിന്‍റെ നായകസ്ഥാനവും സമീപ ഭാവിയില്‍ ഒഴിഞ്ഞേക്കാം. ഉടന്‍ ഒഴിയുമെന്നല്ല, പക്ഷെ അത് സംഭവിക്കും. ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. അത് അദ്ദേഹത്തിന്‍റെ ശരീരഭാഷയിലുണ്ട്. അതുകൊണ്ടുതന്നെ അത്തരമൊരു തീരുമാനം വരുമെന്നുറപ്പാണ്-രവി ശാസ്ത്രി പറഞ്ഞു.

ബാറ്റിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്ന ആദ്യ നായകനൊന്നുമല്ല കോലി. മുമ്പ് പലരും ഇത്തരത്തില്‍ ചെയ്തിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് ദേശീയ ടീമിന് കളിക്കുന്നതിനെക്കാള്‍ താല്‍പര്യം ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് കളിക്കുന്നതാണെന്ന ആക്ഷേപത്തിനും രവി ശാസ്ത്രി മറുപടി നല്‍കി.

രാജ്യത്തിനായി കളിക്കുന്നതിനെ വിലമതിക്കാത്തവരാണ് ഇന്ത്യന്‍ താരങ്ങളെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അങ്ങനെ വിശ്വസിക്കാന്‍ കാരണങ്ങളൊന്നുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാവും. രാജ്യത്തിനായി കളിക്കുമ്പോള്‍ ആത്മാര്‍ത്ഥത കാണിക്കാത്തവര്‍ ഫ്രാഞ്ചൈസിക്കായി കളിക്കുമ്പോള്‍ ആത്മാര്‍ത്ഥ കാണിക്കുമെന്ന് എങ്ങനെ കരുതാനാവും.

കോടിക്കണക്കിനാളുകള്‍ കാണുന്ന ഒരു മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്ന 11 ഭാഗ്യവാന്‍മാരാണ് അവര്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് രാജ്യത്തിനുവേണ്ടി കളിക്കാന്‍ താല്‍പര്യമില്ലെന്ന് പറയുന്നവര്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്നും ശാസ്ത്രി പറഞ്ഞു.

ടി20 ലോകകപ്പിന് മുമ്പാണ് ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് വിരാട് കോലി പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകസ്ഥാനവും ഇതിന് പിന്നാലെ കോലി രാജിവെച്ചിരുന്നു. വിരാട് കോലിക്ക് പകരം ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ രോഹിത് ശര്‍മയെ ആണ് സെലക്ടര്‍മാര്‍ നായകനായി തെരഞ്ഞെടുത്തത്.