വിരാട് കോലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ തുടങ്ങിയ സഹതാരങ്ങൾ ലോകക്രിക്കറ്റിലെ വൻമരങ്ങളായി വളർന്നപ്പോൾ അജിതേഷിന്‍റെ വിധി മറ്റൊന്നായിരുന്നു.
ബെംഗളൂരു: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ഡൽഹി ക്യാപിറ്റൽസ് മത്സരശേഷം ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആര്‍സിബിയുടെ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി മത്സരശേഷം ഫീൽഡ് അമ്പയറുമായി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചിത്രം. എന്നാൽ ഇതൊരു സാധാരണ കൂടിക്കാഴ്ചയായിരുന്നില്ല. 18 വർഷങ്ങൾക്ക് മുമ്പ് മലേഷ്യയിൽ വിരാട് കോലിക്കൊപ്പം ഇന്ത്യക്കായി ലോകകപ്പ് ഉയർത്തിയ അതേ താരമായിരുന്നു ആ അമ്പയർ– അജിതേഷ് അർഗൽ.
2008-ലെ അണ്ടർ-19 ലോകകപ്പ് ഫൈനൽ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവില്ല. മഴ തടസ്സപ്പെടുത്തിയ ആവേശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഇന്ത്യ കിരീടം നേടിയപ്പോൾ നായകൻ കോലിയുടെ വജ്രായുധമായിരുന്നു അജിതേഷ്. 5 ഓവറിൽ വെറും 7 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത അജിതേഷായിരുന്നു അന്ന് ഫൈനലിലെ 'പ്ലെയർ ഓഫ് ദി മാച്ച്'.
വിരാട് കോലി, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ തുടങ്ങിയ സഹതാരങ്ങൾ ലോകക്രിക്കറ്റിലെ വൻമരങ്ങളായി വളർന്നപ്പോൾ അജിതേഷിന്‍റെ വിധി മറ്റൊന്നായിരുന്നു. ലോകകപ്പ് വിജയത്തിന് ശേഷം ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ് (അന്ന് കിംഗ്‌സ് ഇലവൻ പഞ്ചാബ്) താരത്തെ ടീമിലെടുത്തെങ്കിലും ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റിലും വേണ്ടത്ര തിളങ്ങാൻ കഴിയാതെ വന്നതോടെ അജിതേഷ് ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്‍റിൽ ജോലിയിൽ പ്രവേശിച്ചു. എന്നാൽ ക്രിക്കറ്റെന്ന പ്രണയം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
2023-ൽ ബിസിസിഐയുടെ കഠിനമായ അമ്പയറിംഗ് പരീക്ഷ അജിതേഷ് വിജയിച്ചു. ആഭ്യന്തര മത്സരങ്ങളിലും വുമൺസ് പ്രീമിയർ ലീഗിലും മികവ് തെളിയിച്ച ശേഷം 2026 ഐപിഎൽ സീസണിലൂടെ അമ്പയറായി അരങ്ങേറ്റം കുറിച്ചു. വർഷങ്ങൾക്ക് ശേഷം ഒരേ മൈതാനത്ത് വിരാട് കോലിയും അജിതേഷും കണ്ടുമുട്ടിയപ്പോൾ അവർ പഴയ സുഹൃത്തുക്കളായി. കോലി ഐപിഎല്ലിൽ 9,000 റൺസ് എന്ന ചരിത്രനേട്ടം കുറിച്ച അതേ മത്സരത്തിൽ തന്നെ തന്‍റെ പഴയ സഹതാരത്തെ അമ്പയറുടെ വേഷത്തിൽ കാണാനായത് ആ നിമിഷത്തിന്‍റെ മാറ്റ് കൂട്ടി. കളിക്ക് ശേഷം ഇരുവരും കൈകൊടുത്ത് സൗഹൃദം പുതുക്കി. ഭുവനേശ്വർ കുമാറിന്‍റെയും ജോഷ് ഹേസൽവുഡിന്‍റെയും തകർപ്പൻ ബൗളിംഗിൽ ഡൽഹിയെ 75 റൺസിന് എറിഞ്ഞൊതുക്കിയ ആർസിബി, വെറും 6.3 ഓവറിൽ വിജയം കണ്ട മത്സരത്തിൽ ഈ 'റീയൂണിയൻ' ഒരു മനോഹരമായ ഓർമ്മച്ചിത്രമായി മാറി.
