ഇന്ത്യൻ ക്രിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്സിനും സുവര്‍ണകാലം സമ്മാനിച്ച ആ മനുഷ്യൻ തന്റെ കളിജീവിതത്തിന്റെ അസ്തമയത്തോട് അടുക്കുകയാണെന്നത് ഈ നിമിഷം പോലെ യാഥാര്‍ത്ഥ്യമാണ്
“ഞാൻ എന്റെ ക്രിക്കറ്റ് കരിയര്‍ കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. അവസാനമായി ഞാൻ ഏകദിനം കളിച്ചത് റാഞ്ചിയിലാണ്. ചെന്നൈയിലായിരിക്കും എന്റെ അവസാന ടി20. അത് എന്നായിരിക്കുമെന്ന് എനിക്കും അറിയില്ല”

ഒരിക്കല്‍ എം എസ് ധോണി പറഞ്ഞ വാചകങ്ങളാണിത്. മുന്നറിയുപ്പകളൊന്നുമില്ലാതെ പടിയിറങ്ങുന്നതാണല്ലോ അയാളുടെ രീതി. ഒരു ഇൻസ്റ്റഗ്രാം കുറിപ്പില്‍ തന്റെ അന്താരാഷ്ട്ര കരിയറിന് തിരശീലയിട്ടയാളാണ്. ഇന്ത്യൻ ക്രിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്സിനും സുവര്‍ണകാലം സമ്മാനിച്ച ആ മനുഷ്യൻ തന്റെ കളിജീവിതത്തിന്റെ അസ്തമയത്തോട് അടുക്കുകയാണെന്നത് ഈ നിമിഷം പോലെ യാഥാര്‍ത്ഥ്യമാണ്. പക്ഷേ, ആ ബാറ്റില്‍ നിന്നൊരു ഹെലിക്കോപ്റ്റര്‍ പിറക്കുന്നത് ഒരിക്കല്‍ക്കൂടി കാണാൻ ഗ്യാലറി കൊതിക്കുന്നുണ്ട്.
സീസണിലെ അവസാന ഹോം മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുങ്ങുകയാണ്. ചെപ്പോക്കില്‍ തലയിറങ്ങുമോയെന്ന ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകര്‍. ധോണിയുടെ സാന്നിധ്യം അന്തിമ ഇലവനിലുണ്ടാകുമോ. സാധ്യതകള്‍ എന്തെല്ലാം.
ചെന്നൈക്കായി സീസണില്‍ ഒരു മത്സരത്തില്‍പ്പോലും ധോണി കളത്തിലിറങ്ങിയിട്ടില്ല. കാല്‍മുട്ടിന് താഴെയുള്ള പേശിക്കേറ്റ പരിക്കാണ് ധോണിയെ കളത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്, പരിശീലനത്തിനിടെ അത് ഗുരുതരമായത് വിശ്രമകാലം നീട്ടുകയും ചെയ്തു. അതിനാല്‍ എവെ മത്സരങ്ങളില്‍ ടീമിനൊപ്പം യാത്ര ചെയ്യാൻ പോലും ധോണി തയാറാകാത്ത പലസാഹചര്യങ്ങളും സീസണിലുടനീളം കണ്ടിരുന്നു. പക്ഷേ, പരിക്ക് മാത്രമല്ല ധോണി കളത്തിലെത്താതിന്റെ കാരണമെന്നാണ് ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
സീസണിന്റെ തുടക്കത്തില്‍ തിരിച്ചടി നേരിട്ട ചെന്നൈ രണ്ടാം പകുതിയില്‍ പെരുമയ്ക്കൊത്താണ് തിളങ്ങുന്നത്. അവസാന ഒൻപത് മത്സരങ്ങളില്‍ ആറും വിജയിച്ച് പ്ലേ ഓഫ് സാധ്യത സജീവമാക്കുകയും ചെയ്തു. ചെന്നൈ വിജയവഴിയിലെത്തുമ്പോള്‍ ധോണി കായികക്ഷമത പൂര്‍ണമായും വീണ്ടെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ടീമിലേക്കുള്ള എൻട്രി മാത്രം സംഭവിച്ചില്ല. ഇതിന്റെ പിന്നിലെ കാരണം ധോണി തന്നെയാണെന്നാണ് സൂചന.
നിരവധി താരങ്ങളുടെ പരിക്കില്‍ വലഞ്ഞ ചെന്നൈ ഒടുവിലൊരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്തിയിരിക്കുകയാണ്, അത് കളത്തില്‍ ഫലം കാണുന്നുമുണ്ട്. ഓരോ ബാറ്റിങ് പൊസിഷനുകളിലും ക്രീസിലെത്തുന്നവർ തങ്ങളുടെ ഉത്തരവാദിത്തം പൂർണമായും നിറവേറ്റുന്നു. കഴിഞ്ഞ രണ്ട് സീസണുകളെടുത്താല്‍ ചെന്നൈ അഞ്ച് കിരീടങ്ങളുള്ള ഒരു സംഘത്തെപോലെയായിരുന്നില്ല തിളങ്ങിയത്. 2024ല്‍ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കില്‍ 2025ല്‍ പത്താം സ്ഥാനത്തേക്ക് വീണു ധോണിപ്പട.
ഈ സാഹചര്യത്തില്‍ 2026ല്‍ കുറഞ്ഞത് പ്ലേ ഓഫിലെങ്കിലും എത്തുക ചെന്നൈയെ സംബന്ധിച്ച് ഏറെ നിർണായകമായ ഒന്നാണ്. നിലവില്‍ ടീം ബാലൻസ്‌ഡായും കോമ്പിനേഷനില്‍ മാനേജ്മെന്റ് സംതൃപ്തരായും തുടരുന്ന സാഹചര്യത്തില്‍ അതിനെ ബ്രേക്ക് ചെയ്യേണ്ടതുണ്ടോയെന്നതാണ് ചോദ്യം. എം എസ് ധോണി ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഘടന മാറാനുള്ള സാധ്യതയുണ്ട്, പ്രത്യേകിച്ചും ബാറ്റിങ് ലൈനപ്പില്‍. അത് ടീമിന്റെ ബാലൻസിനേയും ബാധിച്ചേക്കാം, സാധ്യത മാത്രമാണ്. ഇത്തരമൊരു കാര്യം മുൻകൂട്ടിക്കണ്ട് ധോണി സ്വയം മാറിനില്‍ക്കുന്നുവെന്നാണ് സൂചനകളും.
അതുകൊണ്ട് ധോണി ടീമിലേക്ക് മടങ്ങിയെത്തുമെന്ന് ഒരു സാഹചര്യത്തിലും ഉറപ്പ് പറയാൻ കഴിയില്ല. ചെപ്പോക്കിലെ ചെന്നൈയുടെ അവസാന മത്സരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ്. റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും ജീവന്മരണപോരാട്ടം. ജയിച്ചാല്‍ മാത്രമാണ് പ്ലേ ഓഫിലേക്കുള്ള സാധ്യത നിലനിര്‍ത്താനും കഴിയു. അതുകൊണ്ട് ടീം അടിമുടി പൊളിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് മാനേജ്മെന്റ് തയാറാകാനുള്ള സാധ്യതയും വിരളവും വിദൂരവുമാണ്.
പരിക്കിന് ശേഷമാണ് ധോണി തിരികെയെത്തുന്നതും, 44 പിന്നിട്ട താരത്തിന് മത്സരപരിശീലനമില്ലാതെ ഇത് എത്രത്തോളം എളുപ്പമായിരിക്കുമെന്നും ആശങ്കകളുണ്ട്. കഴിഞ്ഞ ദിവസവും പതിവ് പോലെ ധോണി ബാറ്റിങ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതൊരു സൂചനയാണോയെന്നും പറയാനാകില്ല. കുറഞ്ഞത് ഇംപാക്റ്റ് പ്ലെയറായെങ്കിലും ധോണിയെ ആരാധകര്‍ കളത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ചെന്നൈയുടെ പരിവര്‍ത്തനകാലം ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. റുതുരാജ് ഗെയ്ക്വാദിന് നായകസ്ഥാനം കൈമാറിയത്, സഞ്ജു സാംസണിന്റെ എൻട്രി, ഇതെല്ലാം സൂചിപ്പിക്കുന്നതും ധോണി മറ്റൊരു സീസണിനുണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന് തന്നെ. പക്ഷേ, അന്തിമ തീരുമാനം അയാളുടേത് തന്നെയാണ്.


