Asianet News MalayalamAsianet News Malayalam

ധോണിയും കോലിയും രോഹിത്തും ഐപിഎല്ലില്‍ ഒരു ടീമില്‍ കളിക്കും

ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ ഒരു ടീമായും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ മറ്റൊരു ടീമായും തിരിച്ചാകും മത്സരങ്ങള്‍.

Virat Kohli, MS Dhoni & Rohit Sharma To Play Together in All-Star IPL Game
Author
Mumbai, First Published Jan 28, 2020, 1:14 PM IST

മുംബൈ: ഐപിഎല്ലില്‍ ഒരിക്കലും ഒരുമിച്ച് കളിച്ചിട്ടില്ലാത്ത എം എസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു. ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തുന്ന ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടീമിനായാണ് കോലിയും രോഹിത്തും ധോണിയും ഒരുമിച്ച് കളിക്കുകയെന്ന് ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ കളിക്കുന്ന എട്ടു ടീമുകളിലെയും കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഓള്‍ സ്റ്റാര്‍സ് മത്സരം നടത്തുക.

ഇതില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ ഒരു ടീമായും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ മറ്റൊരു ടീമായും തിരിച്ചാകും മത്സരങ്ങള്‍. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളായ കിംഗ്സ് ഇലവന്‍ പ‍ഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളിലെ കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീമും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു എന്നീ ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ടീമുമാകും ഓള്‍ സ്റ്റാര്‍സ് പോരാട്ടത്തില്‍ ഏറ്റമുട്ടുക.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമിലാണ് ധോണിയും കോലിയും രോഹിത്തും വാര്‍ണറും ഒരുമിച്ച് കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ടീമില്‍ ആന്ദ്രെ റസല്‍, കെ എല്‍ രാഹുല്‍, ഗ്ലെന്‍ മാക്സ്‌വെല്‍, ഋഷഭ് പന്ത്, പൃഥ്വി ഷാ, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്റ്റോക്സ് എന്നിവരുണ്ടാകും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവരുടേതാണ് ഐപിഎല്ലിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍സ് മത്സരം നടത്താനുള്ള ആശയം. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഓള്‍ സ്റ്റാര്‍സ് പോരാട്ടം. വേദി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

Follow Us:
Download App:
  • android
  • ios