ധരംശാല: ന്യൂസിലന്‍ഡിനെതിരായ പര്യടനത്തില്‍ മോശം ഫോമിലായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മൊത്തം കളിച്ച 11 ഇന്നിങ്‌സിലുമായി നേടിയത് വെറും 218 റണ്‍സ് മാത്രമാണ്. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യക്ക് കളിക്കാനുള്ളതക്. ഈമാസം 12ന് ധരംശാലയിലാണ് ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മോശം ഫോമിലെങ്കിലും ഏകദിന ക്രിക്കറ്റില്‍ ഒരു റെക്കോഡിനരികെയാണ് കോലി. 

പരമ്പരയില്‍ 133 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാവും കോലി. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി പിന്തുള്ളുക. 300-ാം ഏകദിനത്തിലാണ് സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത്. എന്നാല്‍ കോലി ഇതുവരെ 239 ഇന്നിങ്‌സ് മാത്രമെ കളിച്ചിട്ടുള്ളൂ. കോലി ഈ പരമ്പരയില്‍ തന്നെ സച്ചിനെ പിന്തള്ളുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ഇക്കാര്യത്തില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാമന്‍. 314 ഇന്നിങ്‌സില്‍ നിന്നാണ് പോണ്ടിംഗ് നേട്ടത്തിലെത്തിയത്. മുന്‍ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാര മൂന്നാമതാണ്. 336 ഇന്നിങ്‌സില്‍ സംഗക്കാര ഇത്രയും റണ്‍സ് സ്വന്തമാക്കി. ശ്രീലങ്കയുടെ തന്നെ മുന്‍താരങ്ങളായ സനത് ജയസൂര്യ, മഹേല ജയവര്‍ധനെ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയസൂര്യ 379 ഇന്നിങ്‌സിലും ജയവര്‍ധനെ 399 ഇന്നിങ്‌സിലും 13000 റണ്‍സ് തികച്ചു.