വെല്ലിങ്ടണ്‍: സ്ഥിരം ക്യാപ്റ്റന്മാരില്ലാതെയാണ് ഇന്ന് ഇന്ത്യയും ന്യൂസിലന്‍ഡും അവസാന ടി20 മത്സരത്തിനിറങ്ങിയത്. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന് പരിക്കായിരുന്നു പ്രശ്‌നം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശ്രമമെടുക്കുകയായിരുന്നു. മത്സരത്തിനിടെ ഇരുവരും ബൗണ്ടറി ലൈനിന് പുറത്തിരുന്ന് സംസാരിക്കുന്ന ചിത്രം ഇന്ന് വൈറലായിരുന്നു. മത്സരശേഷം വില്യംസണിനെ കുറിച്ച് നല്ലവാക്കുകള്‍ സംസാരിച്ചിരിക്കുകയാണ് കോലി.

പല കാര്യങ്ങളും ഞാന്‍ ചിന്തിക്കുന്നത് പോലെതന്നെയാണ് കെയ്‌നും ചിന്തിക്കുന്നതെന്ന് കോലി മത്സരശേഷം പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഞാന്‍ ചിന്തിക്കുന്നതും പ്രവര്‍ത്തക്കുന്നതും പോലെ തന്നെയാണ് കെയ്‌നും ചെയ്യുന്നത്. രണ്ട് പേരുടെയും മാനസികാവസ്ഥ ഒരുപോലെയാണ്. ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഇങ്ങനെ ഒരാളുള്ളത് അത്ഭുതപ്പെടുത്തുന്നു. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ശരിയായ നായകന്റെ കൈകളിലാണ്. പരമ്പരയുടെ ഫലം ശ്രദ്ധിക്കേണ്ട.  ടീമിനെ നയിക്കാന്‍ ശേഷിയുള്ള താരമാണ് കെയ്ന്‍. ടീമിനെ ഇനിയും ഉയരത്തിലേക്ക് നയിക്കാന്‍ കെയ്‌നിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷത്തിനിടെ ടീമിന് ഒരുപാട് മാറ്റങ്ങള്‍ വന്നു. യുവതാരങ്ങള്‍ സമ്മര്‍ദ്ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു.'' കോലി പറഞ്ഞുനിര്‍ത്തി.