അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ ആധിപത്യം ലോകത്തിന് കാണിച്ചുകൊടുത്തു. ദക്ഷിണാഫ്രിക്കയെ തകര്‍ത്തോടെ ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലി (101), ശ്രേയസ് അയ്യര്‍ (77) എന്നിവരുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് നേടി. തന്റെ 35-ാം ജന്മദിനത്തിലാണ് കോലി സെഞ്ചുറി നേടിയത്. മാത്രമല്ല, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ സാക്ഷാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പം എത്താനും കോലിക്കായി. 

പിന്നാലെ കോലിയെ അഭിനന്ദിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുയാണ് കോലി. കോലിയുടെ വാക്കുകള്‍... ''സച്ചിന്റെ സന്ദേശം വലിയ ബഹുമതിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ ആരാധിക്കുന്ന ഒരാളുടെ റെക്കോര്‍ഡ് മറികടക്കുകയെന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യലാണ്. വൈകാരിക നിമിഷമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ എവിടെ നിന്നാണ് വരുന്നതന്ന് എനിക്ക് കൃത്യമായി അറിയാം. സച്ചിനെ ടിവിയില്‍ കണ്ടാണ് വളരുന്നത്. അദ്ദേഹത്തില്‍ നിന്ന് അഭിനന്ദന സന്ദേശം ലഭിക്കുമ്പോള്‍ അതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്.'' സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ കുറിച്ച് കോലി വ്യക്തമാക്കി.

ഇന്നത്തെ മത്സരത്തെ കുറിച്ചും കോലി സംസാരിച്ചു. ''ജന്മദിനത്തിലെ സെഞ്ചുറി ഏറെ സവിശേഷമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് കളിച്ചത്. ഇന്നത്തേത് വെറുമൊരു കളിയല്ല എന്ന ആ ആവേശത്തോടെയാണ് ഉണര്‍ന്നത്. പുറത്തുനിന്നുള്ള ആളുകള്‍ കളിയെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഓപ്പണര്‍മാര്‍ നന്നായി തുടങ്ങുമ്പോള്‍ ആ ശൈലി ബാക്കിയുള്ള ബാറ്റര്‍മാരും തുടരണമെന്ന് ആളുകള്‍ ആശിക്കും. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോള്‍ പിച്ച് സ്ലോവായി. ബാറ്റേന്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.'' കോലി മത്സരശേഷം വ്യക്തമാക്കി.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 14 റണ്‍സെടുത്ത മാര്‍ക്കോ യാന്‍സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.യാന്‍സന്‍ ഉള്‍പ്പെടെ ആകെ നാലു പേര്‍ മാത്രമെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നുള്ളൂ.

ഇനി ഇന്ത്യയെ മറികടക്കാന്‍ ആര്‍ക്കുമാവില്ല, സെമിയില്‍ എതിരാളികളാകുക പാകിസ്ഥാനോ ന്യൂസിലൻഡോ; സാധ്യതകള്‍ ഇങ്ങനെ