ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്‌ടണില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഒന്‍പത് റണ്‍സ് നേടിയതോടെയാണ് നേട്ടം കോലിക്ക് സ്വന്തമായത്
വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡില്‍ ബാറ്റിംഗ് തുടര്‍പരാജയങ്ങള്‍ക്കിടയിലും ആശ്വാസനേട്ടവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റ് റണ്‍വേട്ടയില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളിയ കിംഗ് കോലി ഇന്ത്യന്‍ താരങ്ങളില്‍ ആറാംസ്ഥാനത്തെത്തി. ന്യൂസിലന്‍ഡിനെതിരെ വെല്ലിംഗ്‌ടണില്‍ നടന്നുകൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഒന്‍പത് റണ്‍സില്‍ എത്തിയപ്പോഴാണ് നേട്ടം കോലിക്ക് സ്വന്തമായത്.
Read more: വീണ്ടും ബാറ്റിംഗ് പരാജയം; കോലിക്കെതിരെ തുറന്നടിച്ച് വിവിഎസ് ലക്ഷ്‌മണ്‍; കിംഗിന് ഉപദേശം
മത്സരത്തിനിറങ്ങുമ്പോള്‍ 11 റണ്‍സിന്‍റെ അകലമാണ് നേട്ടത്തിലേക്ക് കോലിക്കുണ്ടായിരുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സില്‍ പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ ദാദയുടെ നേട്ടം തകര്‍ക്കുകയായിരുന്നു. എന്നാല്‍ രണ്ടിംഗ്‌സിലുമായി കോലിക്ക് 21 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ ഇന്നിംഗ്‌സില്‍ ജമൈസനും രണ്ടാം വരവില്‍ ബോള്‍ട്ടിനും വിക്കറ്റ് നല്‍കി കോലി. കഴിഞ്ഞ 20 ഇന്നിംഗ്‌സിലും കോലിക്ക് സെഞ്ചുറി ഇല്ല എന്നതും ശ്രദ്ധേയമാണ്.

ടെസ്റ്റ് റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(15921), രാഹുല്‍ ദ്രാവിഡ്(13265), സുനില്‍ ഗാവസ്‌കര്‍(10122), വിവിഎസ് ലക്ഷ്‌മണ്‍(8781), വീരേന്ദര്‍ സെവാഗ്(8503) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഇവരില്‍ സച്ചിന്‍ തന്നെയാണ് ടെസ്റ്റ് ചരിത്രത്തിലാകെ റണ്‍സ് അടിച്ചുകൂട്ടിയ താരം. ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്(13378), ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്(13289) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
2011ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച വിരാട് കോലി 143 ഇന്നിംഗ്‌സുകളില്‍ നിന്ന് 7223 റണ്‍സാണ് ഇതുവരെ നേടിയത്. 27 സെഞ്ചുറികള്‍ കോലിക്കുണ്ട്. 254 ആണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. സൗരവ് ഗാംഗുലി 188 ഇന്നിംഗ്‌സില്‍ നിന്നാണ് 16 ശതകങ്ങളടക്കം 7212 റണ്‍സ് സ്വന്തമാക്കിയത്.
