Asianet News MalayalamAsianet News Malayalam

Virat Kohli Quits Test Captaincy : 'ഇന്ന് എന്‍റെ മോശം ദിവസം'; കോലിയുടെ തീരുമാനത്തില്‍ വികാരാധീനനായി ശാസ്ത്രി

പലരും ഞെട്ടലോടെയാണ് കോലിയുടെ തീരുമാനത്തെ എതിരേറ്റത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ താരങ്ങളായ വസിം ജാഫര്‍, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം തീരുമാനത്തോട് പ്രതികരിച്ചു.

Virat Kohli Quits Test Captaincy Ravi Says sad day for me and other reacts
Author
New Delhi, First Published Jan 15, 2022, 9:32 PM IST

ദില്ലി: അപ്രതീക്ഷിതമായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലിയുടെ പിന്മാറ്റം. ഇന്നാണ് അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞത്. പലരും ഞെട്ടലോടെയാണ് കോലിയുടെ തീരുമാനത്തെ എതിരേറ്റത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, മുന്‍ താരങ്ങളായ വസിം ജാഫര്‍, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍ എന്നിവരെല്ലാം തീരുമാനത്തോട് പ്രതികരിച്ചു.

ഇതില്‍ ശാസ്ത്രിയുടെ ട്വീറ്റ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എന്റെ മോശം ദിവസങ്ങളിലൊന്നാണെന്ന് ശാസ്ത്രി കുറിച്ചിട്ടു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''വിരാട്, നിങ്ങള്‍ക്ക് തലയുയര്‍ത്തി തന്നെ മടങ്ങാം. നായകനെന്ന നിലയില്‍ നിങ്ങളൊരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കി. തീര്‍ച്ചയായും ഇന്ത്യന്‍ ടീമിനൊപ്പം വിജയകരമായിരുന്നു നിങ്ങളുടെ ക്യാപ്റ്റന്‍സി. തീര്‍ച്ചയായും ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍. ഇന്നെനിക്ക് മോശം ദിവസാണ്. കാരണം, നമ്മളൊരുമിച്ച് കെട്ടിപ്പടുത്തതാണ് ഇന്നത്തെ ഇന്ത്യന്‍ ടീം.'' ശാസ്ത്രി കുറിച്ചിട്ടു.

ജാഫറും കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് സംസാരിച്ചു. ''കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തത് മുതല്‍ ഇന്ത്യ ഓവര്‍സീസ് സാഹചര്യങ്ങളില്‍ ജയിക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ വിദേശത്ത് തോല്‍ക്കുന്നത് കാണുമ്പോള്‍ വിഷമമാണ്. കോലി എത്രത്തോളം ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോയി, അല്ലെങ്കില്‍ മാറ്റി എന്നതിനുള്ള ഉദാഹരണമാണിത്. അഭിനന്ദനള്‍.'' ജാഫര്‍ കുറിച്ചിട്ടു. 

കോലിയുടെ തീരുമാനം ഞെട്ടലുണ്ടാക്കിയെന്ന് റെയ്‌ന വ്യക്തമാക്കി. ''കോലിയുടെ തീരുമാനം ഞെട്ടലുണ്ടാക്കുന്നു. അതിനെ ബഹുമാനിക്കുന്നു. ലോക ക്രിക്കറ്റിനും ഇന്ത്യക്കും അദ്ദേഹം ചെയ്തത് മഹത്തായ കാര്യമാണ്. ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത അഗ്രസീവായ താരമാണ് കോലി. ഇന്ത്യക്ക് വേണ്ടി അദ്ദേഹത്തിന് ഇനിയും തിളങ്ങാനാവുമെന്ന് ഞാന്‍ കരുന്നുന്നു.'' റെയ്‌ന കുറിച്ചിട്ടു.

കോലിയുടെ സേവനത്തിന് പത്താനും നന്ദി പറഞ്ഞു. ''ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള താരത്തെ നിശ്ചയിക്കുമ്പോള്‍ കോലിയുടെ പേര് ധാരാളമായിരുന്നു. ഫലത്തില്‍ മാത്രമല്ല, നായകനെന്ന നിലയിലും അദ്ദേഹം സ്വാധീനം ചെലുത്തി.'' പത്താന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു. 

മുന്‍ താരങ്ങളായ ആകാശ് ചോപ്ര, പ്രഗ്യാന്‍ ഓജ, ഹര്‍ഭജന്‍ സിംഗ് എന്നിവരും തങ്ങളുടെ അഭിപ്രായം ട്വിറ്ററില്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios