രവി ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുമായും കോലിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല ക്രിക്കറ്റിന്‍റെ തന്നെ അംബാസ‍ഡര്‍മാരും ലോക ക്രിക്കറ്റില്‍ തന്നെ വലിയ സ്ഥാനുമുള്ളവരുമാണ്.

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും(Rahul Dravid) ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും(Virat Kohli) തമ്മിലുള്ള ബന്ധം അധികം വൈകാതെ മോശമാവുമെന്ന് പ്രവചിച്ച് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ(Danish Kaneria). ഇന്ത്യയും മുന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുമായും (Anil Kumble)ബിസിസിഐ പ്രസി‍ഡന്‍റ് സൗരവ് ഗാംഗുലിയുമായും(Sourav Ganguly) തെറ്റിയ കോലിക്ക് ദ്രാവിഡുമായുള്ള നല്ല ബന്ധം അധികകാലം മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് കനേരിയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കി? അഭിമുഖത്തില്‍ പറഞ്ഞു.

രവി ശാസ്ത്രിക്ക് മുമ്പ് ഇന്ത്യന്‍ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയുമായും കോലിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണത് നമ്മള്‍ കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. മാത്രമല്ല ക്രിക്കറ്റിന്‍റെ തന്നെ അംബാസ‍ഡര്‍മാരും ലോക ക്രിക്കറ്റില്‍ തന്നെ വലിയ സ്ഥാനുമുള്ളവരുമാണ്. ഞാന്‍ അവര്‍ക്കെതിരെ കളിച്ചിട്ടുണ്ട്. എത്രമാത്രം തന്ത്രശാലികളാണ് കളിക്കളത്തില്‍ അവരെന്ന് എനിക്ക് നല്ലപോലെ അറിയാം. അതുപോലെ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിയ സൗരവ് ഗാംഗുലിയെപ്പോലൊരു വ്യക്തിക്കെതിരെ 90-ാം മിനിറ്റില്‍ കോലി നടത്തിയ പ്രസ്താവന അനവസരത്തിലായിരുന്നു.

ഇതിഹാസങ്ങള്‍ക്കെതിരേ സംസാരിക്കുന്നത് കോലിയെ ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ലെന്നും കനേരിയ പറഞ്ഞു. രണ്ടു വര്‍ഷത്തിലേറെയായി രാജ്യാന്തര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറിയോ ഐസിസി കിരീടങ്ങളോ ഒന്നും നേടാത്ത കോലി ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ശ്രദ്ധയൂന്നാതെ സ്വന്തം കളിയില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും കനേരിയ പറഞ്ഞു

ഏകദിന ടീമിന്‍റെ പുതിയ ക്യാപ്റ്റനായ രോഹിത് ശര്‍മ ക്രിക്കറ്റിന്‍റെ വലിയ അംബാസഡര്‍ കൂടിയാണെന്ന് പറഞ്ഞ കനേരിയ അസാമാന്യ ക്യാപ്റ്റന്‍സിയാണ് രോഹിത്തിന്‍റേതെന്നും വ്യക്തമാക്കി. രാഹുല്‍ ദ്രാവിഡുമായുള്ള അദ്ദേഹത്തിന്‍റെ സൗഹൃദം അതിശയിപ്പിക്കുന്നതാണെന്നും കനേരിയ പറഞ്ഞു.