കോലി ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു കാര്‍ത്തിക്കും ഫ്ലവറും എത്തിയത്
ഏത് ടൂര്‍ണമെന്റിലാണെങ്കിലും ജഴ്‌സിയിലാണെങ്കിലും കളത്തില്‍ തന്റെ മുഴുവൻ ഊര്‍ജവും പുറത്തെടുക്കുന്ന താരമാണ് വിരാട് കോലി. ഇന്നലെ, രാജസ്ഥാൻ റോയല്‍സിനെതിരായ മത്സരത്തിലും സമാനമായിരുന്നു കാര്യങ്ങള്‍. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഡഗൗട്ടിനടുത്തായാണ് കോലി ഫീല്‍ഡ് ചെയ്തിരുന്നത്. മുഖ്യപരിശീലകൻ ആൻഡി ഫ്ലവറും ബാറ്റിംഗ് പരിശീലകൻ ദിനേശ് കാര്‍ത്തിക്കും നിരന്തരം കോലിയുമായി ആശയവിനിമയം നടത്തുന്നതും കാണാമായിരുന്നു.
ഉദാഹരണമായി 13-ാം ഓവറില്‍ ന്യൂ ബോളിന്റെ സാധ്യത മുന്നില്‍ക്കണ്ടത് കോലിയായിരുന്നു. ചിന്നസ്വാമിയിലെ ഡ്രൈ വിക്കറ്റില്‍ സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് മനസിലാക്കിയ കോലി ഇത് ക്യാപ്റ്റൻ രജത് പാട്ടിദാറുമായി സംസാരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൃണാല്‍ പാണ്ഡ്യ ബൗളിംഗ് തുടര്‍ന്നത്.
എന്നാല്‍ ഇതിനിടയില്‍ ചില തമാശകളും സംഭവിച്ചു. കോലി ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാര്‍ത്തിക്കും ഫ്ലവറും എത്തി. കോലിക്ക് എന്തോ നിര്‍ദേശം ഇരുവരും കൈമാറുന്നതും കണ്ടു. പക്ഷേ, കൈ കൂപ്പി അത് നിരസിക്കുന്ന കോലിയെയാണ് ദൃശ്യമായത്. എന്താണ് മൂവരും ചേര്‍ന്ന് സംസാരിച്ചതെന്ന് വ്യക്തമല്ല. കോലി നിരസിച്ചാലും ഇല്ലെങ്കിലും ബെംഗളൂരു ചിന്നസ്വാമിയില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കുകയും പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയും ചെയ്തു.
മത്സരശേഷം ഡ്രെസിംഗ് റൂമില്‍ കോലിയെ വാഴ്ത്തിയായിരുന്നു കാര്‍ത്തിക്കിന്റെ സംസാരം. 18 വര്‍ഷം സ്ഥിരതയോടെ കളിക്കുക എന്നത് വ്യത്യസ്തമായൊരു കാര്യമാണ്. അത് ഒരു താരത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയുന്ന ഒന്നാണ്. ഞാൻ കോലിയെക്കുറിച്ച് സംസാരിക്കാൻ പോലും ആളല്ല. അദ്ദേഹമൊരു ചാമ്പ്യനാണ്. ദേവദത്ത് പടിക്കലിനെ ഇന്നിങ്സ് പടുത്തുയര്‍ത്തുന്നതില്‍ സഹായിച്ചതും അദ്ദേഹത്തിന്റെ ശരീരഭാഷയും അര്‍പ്പണബോധവുമെല്ലാം വിലമതിക്കാനാകാത്തതാണെന്നും കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
ഒൻപത് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ കോലി അഞ്ച് അര്‍ദ്ധ സെഞ്ചുറികളടക്കം 392 റണ്‍സ് നേടി. 2016, 2024 സീസണുകളില്‍ ഓറഞ്ച് ക്യാപ് നേടിയ കോലിക്ക് മൂന്നാമതൊരു അവസരംകൂടി തെളിഞ്ഞിരിക്കുകയാണ്. ഓസ്ട്രേലിയൻ താരം ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഐപിഎല്ലില്‍ മൂന്നുതവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ളത്. റണ്‍വേട്ടക്കാരില്‍ നിലവില്‍ ഒന്നാമതുള്ളത് ഗുജറാത്ത് ടൈറ്റൻസിന്റെ സായ് സുദര്‍ശനാണ്. 417 റണ്‍സാണ് സായ് സീസണില്‍ ഇതുവരെ നേടിയത്. കോലി 25 റണ്‍സിന് പുറകിലാണ്.
