ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം (Indian Test Team) നായകസ്ഥാനത്ത് നിന്ന് വിരാട് കോലി (Virat Kohli) സ്ഥാനമൊഴിഞ്ഞതിനെ ചൊല്ലി ചർച്ചകള്‍ അവസാനിക്കുന്നില്ല. ഇതിഹാസ ഓള്‍റൌണ്ടറും ഇന്ത്യന്‍ മുന്‍ നായകനുമായ കപില്‍ ദേവും (Kapil Dev) കോലിയുടെ പടിയിറക്കത്തോട് പ്രതികരിച്ചിരിക്കുകയാണ്. കോലി നായകസ്ഥാനം വിട്ടുകൊടുത്തത് അദേഹത്തിനും ടീമിനും ഗുണകരമാകും എന്ന് കപില്‍ വിലയിരുത്തുന്നു. 

'ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ടി20 നായകസ്ഥാനം ഒഴിഞ്ഞ ശേഷം സങ്കീർണമായ ഘട്ടത്തിലൂടെയാണ് കോലി കടന്നുപോകുന്നത്. സമ്മർദത്തിലായിരിക്കുന്നത് അടുത്തകാലത്ത് കണ്ടു. സ്വതന്ത്രമായി കളിക്കാന്‍ ക്യാപ്റ്റന്‍സി ഒഴിയുന്നതാണ് നല്ലത്. ആ തീരുമാനമാണ് കോലി കൈക്കൊണ്ടത്. കോലി പക്വതയുള്ള താരമാണ്. ഏറെ ചിന്തിച്ച ശേഷമായിരിക്കും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടാവുക എന്ന് എനിക്കുറപ്പുണ്ട്. കോലിയെ പിന്തുണയ്ക്കുകയും ആശംസകള്‍ നേരുകയുമാണ് നാം ചെയ്യേണ്ടത്. 

സുനില്‍ ഗാവസ്കർ വരെ എന്‍റെ കീഴില്‍ കളിച്ചിട്ടുണ്ട്. കെ ശ്രീകാന്തിനും മുഹമ്മദ് അസ്‍ഹറുദ്ദീനും കീഴില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. എനിക്ക് ഈഗോയൊന്നുമുണ്ടായിരുന്നില്ല. ഈഗോ ഒഴിഞ്ഞ് ഒരു യുവ ക്യാപ്റ്റന് കീഴില്‍ കോലിക്ക് കളിക്കാം. അത് കോലിയെയും ഇന്ത്യന്‍ ക്രിക്കറ്റിനേയും സഹായിക്കും. പുതിയ ക്യാപ്റ്റനെയും താരങ്ങളേയും കോലിക്ക് സഹായിക്കാം. അതിനാല്‍ കോലിയെയും അദേഹത്തിലെ ബാറ്റ്സ്മാനേയും നമുക്ക് നഷ്ടമാകുന്നില്ല' എന്നും കപില്‍ ദേവ് പറഞ്ഞു. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര നേടി ചരിത്രമെഴുതിയ കോലി ദക്ഷിണാഫ്രിക്കയില്‍ ടീം പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെ രാജിവയ്ക്കുകയായിരുന്നു. 

ഇതോടെ മൂന്ന് ഫോർമാറ്റിലും നായകപദവിയില്‍ നിന്ന് കിംഗ് കോലിയുടെ പടിയിറക്കം പൂർത്തിയായി. ലോകകപ്പിന് ശേഷം ടി20 നായകപദവിയൊഴിഞ്ഞ കോലിയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

Virat Kohli : ടെസ്റ്റ് ക്യാപ്റ്റന്‍സി; കോലിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നിലെ കാരണവുമായി മുന്‍താരം