യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും എത്തിയതോടെയാണ് അശ്വിന്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായത്. 2017 ജൂലൈയിലാണ് അശ്വിന്‍ ഇന്ത്യക്കായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസാനമായി പന്തെറിഞ്ഞത്.

അഹമ്മദാബാദ്: ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ഫോമിന്‍റെ പശ്ചാത്തലത്തില്‍ ആര്‍ അശ്വിനെ ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടി20 ടീമില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ഒരേ രീതിയിലുള്ള രണ്ട് താരങ്ങളെ ടീമിലുള്‍പ്പെടുത്തുക അസാധ്യമാണെന്നും കോലി വ്യക്തമാക്കി.

വാഷിംഗ്ടണ്‍ സുന്ദര്‍ മികച്ച പ്രകടനമാണ് നമുക്കായി പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരേ രീതിയില്‍ പന്തെറിയുന്ന രണ്ട് കളിക്കാരെ ടീമിലുള്‍പ്പെടുത്തുക എന്നത് ബുദ്ധിമുട്ടാണ്. അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അത്രയും മോശമായി പന്തെറിയണം(അതിനുള്ള സാധ്യത വിരളമാണ്). ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ സാമാന്യബുദ്ധി ഉപയോഗിക്കണ. ചോദിക്കാന്‍ എളുപ്പമാണ്-കോലി പറഞ്ഞു.

യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും എത്തിയതോടെയാണ് അശ്വിന്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായത്. 2017 ജൂലൈയിലാണ് അശ്വിന്‍ ഇന്ത്യക്കായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ അവസാനമായി പന്തെറിഞ്ഞത്. ചാഹലിന്‍റെയും കുല്‍ദീപിന്‍റെയും വരവോടെ അശ്വിനും ജഡേജയും പുറത്തായെങ്കിലും ജഡേജ പിന്നീട് ടീമില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ അശ്വിനെ ഇതുവരെ ടീമിലേക്ക് പരിഗണിച്ചില്ല. ഇന്ത്യക്കായി 111 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള അശ്വിന്‍ 150 വിക്കറ്റും 46 ടി20 മത്സരങ്ങളില്‍ നിന്ന് 52 വിക്കറ്റും നേടിയിട്ടുണ്ട്.

അതേസമയം, പരിക്ക് മാറി ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്ന് കോലി പറഞ്ഞു. ഇന്ത്യയുടെ ഒട്ടേറെ വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കിയ താരമാണ് ഭുവി. അതേ പ്രകടനങ്ങള്‍ അദ്ദേഹത്തിന് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി പറഞ്ഞു.