86 പന്തില്‍ 35 റണ്‍സെടുത്ത വിരാട് കോലി സ്കോട് ബോളണ്ടിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഔട്ടായി ഡ്രസ്സിംഗ്റൂമിലേക്ക് മടങ്ങുമ്പോള്‍ വിരാട് കോലിയെ കൂവി മെല്‍ബണിലെ ഒരു വിഭാഗം കാണികള്‍. രണ്ടാം ദിനം ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 470 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്‍റെയും വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിരാട് കോലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ ശക്തമായ നിലയില്‍ എത്തിച്ചതായിരുന്നു.
51-2 എന്ന സ്കോറില്‍ പതറിയ ഇന്ത്യയെ ഇരുവരും ചേര്‍ന്ന് 153 റണ്‍സിലെത്തിച്ചെങ്കിലും കോലിയുമായുള്ള ധാരണപ്പിശകില്‍ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന യശസ്വി ജയ്സ്വാള്‍(82) റണ്ണൗട്ടാവുകയും തൊട്ട് പിന്നാലെ പതിവ് രീതിയിൽ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച് കോലി(36)സ്കോട് ബോളണ്ടിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാച്ച് നല്‍കി പുറത്താകുകയും ചെയ്യുകയായിരുന്നു. ഇതോടെ ഒരു റണ്ണെടുക്കുന്നതിനിടെ വീണ്ടും രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായ ഇന്ത്യ പരുങ്ങലിലായി.
തകര്‍ച്ചയ്ക്ക് കാരണം ആ റണ്ണൗട്ട്, ആരാണ് കാരണക്കാര്‍? കോലിയോ അതോ ജയ്‌സ്വാളോ? കോലി പന്തും നോക്കി നിന്നു
ജയ്സ്വാളിന്‍റെ റണ്ണൗട്ടിന് കാരണക്കാരനായതിന് പിന്നാലെ പുറത്തായ കോലിയെ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് ഗ്യാലറിയിലെ ഒരുവിഭാഗം കാണികള്‍ കൂവിയത്. ആദ്യം അത് ശ്രദ്ധിക്കാതെ ഡ്രസ്സിംഗ് റൂമിന്‍റെ ടണലിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ചുവന്ന കോലി കൂവിയ കാണികളെ അതിരൂക്ഷമായി നോക്കി നിന്നു. ഇതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെത്തി കോലിയെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി.
മെൽബണില്‍ ആദ്യ ദിനം ഓസ്ട്രേലിയന്‍ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിന്‍റെ ദേഹത്ത് മനപൂര്‍വം ഇടിച്ച കോലിയ്ക്കെതിരെ ഓസ്ട്രേലിയന്‍ മാധ്യമങ്ങളില്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ രണ്ടാം ദിനം ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഇന്ത്യൻ ആരാധകര്‍ കോലി...കോലി...എന്നുറക്കെവിളിച്ചപ്പോഴും ഒരു വിഭാഗം ഓസ്ട്രേലിയന്‍ കാണികള്‍ ഉച്ചത്തില്‍ കൂവിയിരുന്നു.
രണ്ടാം ദിനം ജയ്സ്വാളിനും കോലിക്കും പിന്നാലെ നൈറ്റ് വാച്ച്‌മാനായി ക്രിസീലെത്തിയ ആകാശ് ദീപ്(0) കൂടി പുറത്തായതോടെ 153-2 എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യ രണ്ടാം ദിനം 164-5 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓപ്പണറായി ഇറിങ്ങിയിട്ടും നിരാശപ്പെടുത്തിയിരിന്നു. അഞ്ച് പന്തില്‍ മൂന്ന റണ്ണെടുത്താണ് രോഹിത് പുറത്തായത്. മൂന്നാം നമ്പറിലിറങ്ങിയ കെ എല്‍ രാഹുലിന്‍റെ വിക്കറ്റുിം(24) ഇന്ത്യക്ക് ഇന്ന് നഷ്ടമായിരുന്നു.
